അബദ്ധത്തിൽ സ്വര്‍ണ്ണമാല വിഴുങ്ങിയ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി ; മാല പുറത്തെടുത്തു

India News

കര്‍ണാടക : അബദ്ധത്തിൽ സ്വര്‍ണ്ണമാല വിഴുങ്ങിയ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഉത്തര കന്നഡ ജില്ലയിലെ സിര്‍സി താലൂക്കിലെ ഹീപനഹള്ളിയില്‍ താമസിക്കുന്ന ശ്രീകാന്ത് ഹെഗ്ഡെയുടെ നാല് വയസ്സുള്ള പശുവാണ് സ്വര്‍ണ്ണം വിഴുങ്ങിയത്.

കഴിഞ്ഞ ദീപാവലിയുടെ തലേന്ന് ഗോ പൂജ ചടങ്ങിനു വേണ്ടി ഹെഗ്ഡെയുടെ കുടുംബം കാളക്കുട്ടിയുടെ കഴുത്തില്‍ 20 ഗ്രാം തൂക്കമുള്ള ഒരു സ്വര്‍ണ്ണ ചെയിന്‍ തൂക്കുകയും പിന്നീട് അവരത് നീക്കം ചെയ്യുകയും ചെയ്തിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ സ്വര്‍ണ്ണ മാല കാണാതായതോടെ എല്ലായിടത്തും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തങ്ങളുടെ ശ്രദ്ധ തെറ്റിയ സമയത്ത് പശു വഴിപാടായി സൂക്ഷിച്ചിരിക്കുന്ന പൂക്കള്‍ക്കൊപ്പം സ്വര്‍ണമാലയും വിഴുങ്ങിയിട്ടുണ്ടാകുമെന്ന സംശയം പിന്നീട് വീട്ടുകാർക്ക് തോന്നുകയായിരുന്നു.

സംഭവത്തിന് ശേഷം 30-35 ദിവസങ്ങള്‍ ഹെഗ്ഡെയുടെ കുടുംബം എല്ലാ ദിവസവും പശുവിന്റെയും കാളക്കുട്ടിയുടെയും ചാണകം പരിശോധിച്ചെങ്കിലും മാല കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍, അവര്‍ സഹായത്തിനായി വെറ്ററിനറി ഡോക്ടറെ സമീപിക്കുകയും സ്കാനിങ് നടത്തിയതോടെ പശുവിന്റെ വയറ്റില്‍ മാലയുണ്ടെന്ന് ഡോക്റ്റര്‍ സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.

കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ഡോക്റ്റർ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും സ്വര്‍ണ്ണ മാല നീക്കം ചെയ്യുകയും ചെയ്തു. പശു ഇപ്പോള്‍ ശസ്ത്രക്രിയയില്‍ നിന്ന് സുഖം പ്രാപിച്ചു വരികയാണെന്ന് കുടുംബം പറഞ്ഞു.