മാവോയിസ്റ്റ് നേതാവ് ദീപക്കിന്റെ റിമാന്റ് കാലാവധി മാര്‍ച്ച് ആറു വരെ നീട്ടി

Crime Keralam Local News

മഞ്ചേരി : നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് നേതാവ് ചത്തീസ്ഘഡ് ബീജാപ്പൂര്‍ മന്‍കെലി പട്ടേല്‍പര റംലുകൊര്‍സ മകന്‍ ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി റിമാന്റ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. പോത്തുകല്ല് പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് ദീപക്കിന്റെ റിമാന്റ് കാലാവധി മാര്‍ച്ച് ആറുവരെ നീട്ടി മഞ്ചേരി യു എ പി എ സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ സനില്‍കുമാര്‍ ഉത്തരവായത്. 2019 ആഗസ്റ്റ് 28ന് വൈകീട്ട് ആറു മണിക്കും 11 മണിക്കും ഇടയിലാണ് കേസിന്നാസ്പദമായ സംഭവം. പോത്തുകല്ല് വാണിയംപുഴ നിവാസികള്‍ പ്രളയത്തെ തുടര്‍ന്ന് ഷെഡ് കെട്ടി താമസിക്കുകയായിരുന്നു. ഇവിടേക്ക് യൂണിഫോം ധരിച്ച് തോക്കുകളുമായി എത്തിയ സംഘം ആളുകളെ വിളിച്ചു കൂട്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊലീസ് സംവിധാനത്തിനും എതിരെ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് കേസ്. സംഘത്തില്‍ ദീപക്കിനൊപ്പം മാവോയിസ്റ്റ് നേതാക്കളായ സോമന്‍, ജയണ്ണ, ഉണ്ണിമായ എന്നിവരും ഉണ്ടായിരുന്നു. 2020 മാര്‍ച്ച് 11ന് തമിഴ്‌നാട് തടാകം പൊലീസ് അറസ്റ്റ് ചെയ്ത ദീപക്കിനെ 2021 നവംബര്‍ 16ന് പൊലീസ് ജയിലില്‍ വെച്ച് ഈ കേസിലേക്ക് ഫോര്‍മല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. സിനിക്, ചന്ദ്രു, റംലു തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ദീപക്കിനെ 2021 നവംബര്‍ 18ന് പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. അതിനു ശേഷം നാളിതുവരെ ദിപക്കിന് ജാമ്യം ലഭിച്ചിട്ടില്ല. ഇയാള്‍ക്കെതിരെ തടാകം, ബെജ്ജി, കൊച്ചി സ്റ്റേഷനുകളില്‍ ആയുധവും സ്‌ഫോടക വസ്തുക്കളും കൈവശം വെച്ചതിനടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്.

റിപ്പോർട്ട് : ബഷീർ കല്ലായി