പ്രദീപിന്‍റെ മൃതദേഹം ജന്മ നാട്ടിലെത്തിച്ചു

India Keralam News

തൃശ്ശൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു. പ്രദീപിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി നൂറുകണക്കിനാളുകളാണ് പുത്തൂരിലെ സ്‌കൂളിൽ എത്തിച്ചേർന്നത് .

2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേർത്ത് വെച്ച സൈനികനായിരുന്നു പ്രദീപ്. പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി ചുമതല ഏറ്റടുത്തിരുന്നു . പ്രദീപ് നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട് .

പ്രദീപ് മടങ്ങിയിട്ട് നാല് ദിവസമയൊള്ളു . ജോലിക്കായി നാട്ടിൽ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം തുടർന്നിരുന്നു പ്രദീപ്. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും സന്ദീപ് പങ്കെടുത്തു.

ദില്ലിയിൽ നിന്നും സുലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. വാളയാർ അതിർത്തിയിൽ നാല് മന്ത്രിമാർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി വി മുരളീധരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. സേനാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി കെ രാധാകൃഷ്ണൻ, വി എം സുധീരൻ, മന്ത്രി കെ രാജൻ, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിവർ പുത്തൂരിലെ സ്കൂളിലെത്തി ആദരാഞ്ജലികൾ അർപ്പിചിരുനു . വഴിനീളെ നാട്ടുകാർ പ്രദീപിന് ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിൽക്കുകയായിരുന്നു. പ്രദീപിന്റെ അച്ഛനെ മരണ വിവരം അറിയിച്ചിട്ടില്ല . വൈകീട്ട് വീട്ടു വളപ്പിൽ വെച്ചാണ് സംസ്കാരം നടക്കുന്നത് .