അറസ്റ്റിലായ ഭീകരർ പദ്ധതിയിട്ടത് 1993 ലെ മുംബൈ മോഡൽ സ്ഫോടന പരമ്പരയെന്ന് പോലീസ്

Crime India News

ദില്ലി: ഇന്നലെ അറസ്റ്റിലായ ഭീകരരർ നടത്താൻ ഉദ്ദേശിച്ചത് 1993 ലെ മുംബൈ മോഡൽ സ്ഫോടന പരമ്പരയെന്ന് പോലീസ്. ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് ഈ കാര്യം അറിഞ്ഞതെന്ന് ദില്ലി സ്പെഷ്യൽ സെൽ പൊലീസ് അറിയിച്ചു, ഇതിനിടെ മുംബൈ എടിഎസ് സംഘം പ്രതിയായ ജാൻ മുഹമ്മദിനെ ചോദ്യം ചെയ്യാൻ ദില്ലിയിലെത്തിയിട്ടുണ്ട്.

സ്ഫോടന പരമ്പര നടത്തുന്നതിനാവശ്യമായ പരിശീലനം ലഭിച്ചവരാണ് ഭീകരർ. ആദ്യ ഘട്ടത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ട്രാക്കുകളിലും പിന്നീട് ഉത്സവാഘോഷം നടക്കുന്ന പ്രധാന ഇടങ്ങളിലും സ്ഫോടനം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. ഒരു സമയത്തു തന്നെ പല ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ ഉദ്ദേശിച്ചിരുന്ന സംഘം ആക്രമിക്കാനിരുന്ന സ്ഥലങ്ങളും തീരുമാനിച്ചിരുന്നു.

കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും സ്പെഷ്യൽ സെൽ പോലീസിനോടൊപ്പം പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്. ഇവരിൽ നിന്നും പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളും പരിശോധിക്കുകയാണ്. ഭീകരിൽ ഒരാളായ ദില്ലി സ്വദേശി ഒസാമയുടെ പിതാവിനും ഇതിൽ പങ്കുണ്ടെന്ന് സംശയമുള്ളതിനാൽ, ഇയാളെ ദുബായിൽ നിന്നും നാട്ടിലെത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് സെപ്ഷ്യൽ സെൽ. ഇതിനിടെ കേസുമായി ബന്ധപ്പെട്ട ഒരാളെ കൂടെ പോലീസ് അറസ്റ് ചെയ്‌തെന്നാണ് വിവരം.