കലാശപ്പോരാട്ടം കാണാൻ മലയാളത്തിന്റെ സൂപ്പർ താരങ്ങൾ;മമ്മൂട്ടി യും മോഹൻലാലും ;ഫൈനൽ മത്സരത്തിൽ ട്രോഫി അനാഛാദനം നിർവ്വഹിക്കുന്നത് ദീപിക പദുകോണും ;

News

ദോഹ : ഖത്തറിൽ അർജന്റ്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അത് നേരിൽ കാണാൻ മലയാളത്തിന്റെ പ്രിയ താരങ്ങൾ മമ്മുട്ടിയും മോഹൻലാലും ഇന്ന് വേദിയിൽ ഉണ്ടാകും. മത്സരത്തിന് സാക്ഷിയാകുന്നതിന് ഇരുവരും ഖത്തറിൽ എത്തിയിട്ടുണ്ട്.

പ്രത്യേക ക്ഷണിതാക്കൾക്കൊപ്പം റോയൽ ഹയ്യ വി ഐ പി ബോക്സിൽ ഇരുന്നാവും മമ്മൂട്ടി മത്സരം കാണുക.എന്നാൽ ഖത്തറിന്റെ പ്രത്യേക അതിഥിയായാണ് മോഹൻലാൽ അവസാന അങ്കം കാണാൻ എത്തുന്നത്. മോഹൻലാൽ രണ്ടു ദിവസം മുന്നേ തന്നെ ഖത്തറിൽ എത്തിയിരുന്നു.മത്സരം കഴിഞ്ഞാൽ ഉടൻ തിരിച്ചു പോകും.ലോകകപ്പ് പടിവാതിലിൽ എത്തിനിൽകേ ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിക്കുന്ന മോഹൻലാലിൻറെ ട്രൈബൂട്ട് സോങ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറിൽ വെച്ചായിരുന്നു ഈ ഗാനം പുറത്തിറക്കിയത്.

ഇന്നത്തെ ഫൈനൽ പോരാട്ടത്തിന് മാറ്റുരക്കുന്ന രണ്ടു ടീമുകൾക്കും മമ്മുട്ടി ആശംസകൾ അറിയിച്ചു.ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ, ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെ. ആശംസകൾ, എന്നിങ്ങനെ ആയിരുന്നു മമ്മൂട്ടി ഫേസ്‍ബുകിലൂടെ ആശംസ അറിയിച്ചത്.

കൂടാതെ ഫൈനൽ മത്സരത്തിൽ ട്രോഫി അനാഛാദനം നിർവഹിക്കുന്നതിനായി ബോളിവുഡ് താരം ദീപിക പദുകോൺ ഖത്തറിലേക്ക് പറന്നിട്ടുണ്ട്. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ട്രോഫി അനാഛാദനം നിർവഹിക്കുന്നത് ദീപികയാണെന്നാണ് റിപ്പോർട്ട്. എന്നാൽ താരം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ലോക ഫുട്ബോളിലെ ഗ്ലാമർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും നേർക്കു നേർ വരുന്ന ഫൈനൽ പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി എട്ടരക്ക് ലുസൈൻ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും തങ്ങളുടെ മൂന്നാമത്തെ ലോക കിരീടം തേടിയാണ് ഫൈനലിനിറങ്ങുന്നത്.1986 ലാണ് അർജന്റീന അവസാനമായി ലോക കിരീടം ചൂടുന്നത്. എന്നാൽ 2018 ൽ ലോകകപ്പിൽ ജേതാക്കളായ ഫ്രാൻസിന് ഇത് തുടർച്ചയായ രണ്ടാം ഫൈനലാണ്