ഹാഷ്ടാഗില്‍ ഒതുങ്ങുന്ന ആത്മഹത്യകള്‍

Writers Blog

ഷംന വടക്കേതില്‍

ഒരാള്‍ കൂടെ ജീവിതമവസാനിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന. 24 വയസ്സായതേയുള്ളൂ. ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട് തീ കൊളുത്തിയാണ് മരിച്ചത്. ഒരു മുഴം കയറില്‍ ജീവനൊടുക്കിയ 24 കാരി വിസ്മയയുടേയും സമാന അവസ്ഥയായിരുന്നു. ഇരുവരും മരിക്കാന്‍ കാരണം ഒന്നു തന്നെയാണ്. സ്ത്രീധനവും അതുമൂലമുണ്ടായ പീഡനങ്ങളും.

നിങ്ങളുടെ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലെ മാനസികമായോ ശാരീരികമായോ ഉള്ള പീഡനം വിളിച്ചു പറഞ്ഞാല്‍ നിങ്ങള്‍ക്ക് രണ്ടു രീതിയില്‍ പ്രതികരിക്കാം. ഒന്നാമത്തേത്, കുടുംബത്തിന്റെ അഭിമാനം നോക്കണ്ടേ.. നീ ബന്ധം അവസാനിപ്പിച്ചു വന്നാല്‍ നാട്ടുകാര്‍ എന്തു പറയും.. രണ്ടാമത്തേത്, നിങ്ങള്‍ ആരുടേയും അടിമകളല്ല, എന്തു സംഭവിച്ചാലും ഞങ്ങള്‍ ഉണ്ടാവും കൂടെ.. ഇനി ഒരു ചോദ്യം. നിങ്ങള്‍ ഇതില്‍ ഏതു പറയും?

പെണ്ണ് സര്‍വം സഹയല്ല. ആത്മാഭിമാനം എന്നത് ഏതൊരു മനുഷ്യനുമുണ്ട്. പെണ്‍കുട്ടികള്‍ക്കുമുണ്ട്, അത് അടിയറവ് വെച്ച് ജീവിക്കാന്‍ സമൂഹം പെണ്‍കുട്ടികളെ പഠിപ്പിക്കുന്നിടത്താണ് അര്‍ച്ചനമാരും വിസ്മയമാരും ഉണ്ടാവുന്നത്.
ഭര്‍ത്തൃവീട്ടിലെ മര്‍ദ്ദനത്തെക്കുറിച്ച് വിസ്മയ സഹോദരനയച്ച വാട്ട്സാപ്പ് സന്ദേശമാണിത്. എത്ര ക്രൂരമായാണ് ഭര്‍ത്താവ് കിരണ്‍ തന്നോട് പെരുമാറുന്നതെന്ന് വിസ്മയ ചിത്രങ്ങളടക്കം അയച്ച് വിശദീകരിച്ചിട്ടുണ്ട്. സ്വന്തം വീട്ടുകാരുടെ മുമ്പില്‍ വെച്ച് വിസ്മയയെ കിരണ്‍ മര്‍ദ്ദിച്ചിട്ടും വിസ്മയക്ക് വീണ്ടും കിരണിന്റെ വീട്ടിലേക്ക് തിരിച്ചു പോവേണ്ടി വന്നു. പീഡനങ്ങള്‍ പഴയ പോലെ തന്നെ തുടര്‍ന്നു. വിസ്മയ തന്റെ നിസ്സഹായാസ്ഥ കാണിച്ചു തരുമ്പോള്‍ ഞങ്ങളുണ്ട് കൂടെ എന്ന് വിസ്മയയോട് ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍ ഒന്നവളെ ചേര്‍ത്തു പിടിച്ചിരുന്നെങ്കില്‍ ആ പെണ്‍കുട്ടി ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നു. ഒരു തുണ്ട് കയറില്‍ ജീവിതം അവസാനിപ്പിക്കേണ്ട ഗതികേട് അവള്‍ക്ക് വരില്ലായിരുന്നു. സ്വന്തം കണ്‍മുന്നില്‍ വെച്ച് മകളെ അപമാനിച്ചപ്പോള്‍, മര്‍ദ്ധിച്ചപ്പോള്‍ എന്തു കൊണ്ടാണ് വിസ്മയയുടെ മാതാപിതാക്കള്‍ക്ക് മകളെ ചേര്‍ത്തു പിടിക്കാന്‍ സാധിക്കാഞ്ഞത്? മറ്റൊന്നുമല്ല കാരണം, അതിഭീകരമായ സാമൂഹിക ഭീതി.ഈ ഭീതി കാരണം സ്വന്തം കാലില്‍ നിന്നതിനു ശേഷം മതി വിവാഹം എന്നു പറയാന്‍ വരെ മാതാപിതാക്കള്‍ക്ക് പേടിയാണ്. മകളുടെ ഭാവിയേക്കാള്‍, സുരക്ഷിതത്വത്തേക്കാള്‍ സമൂഹം എന്തു പറയും എന്ന് മാതാപിതാക്കള്‍ ചിന്തിച്ചു തുടങ്ങുന്നിടത്താണ് ഓരോ പെണ്‍കുട്ടിയുടെയും അരക്ഷിതാവസ്ഥ തുടങ്ങുന്നത്.

ഇന്നും പല പെണ്‍കുട്ടികളും മരിച്ചു ജീവിക്കുന്നുണ്ട്. എന്തിനാണ് ഇങ്ങനെ സ്വന്തം സന്തോഷങ്ങള്‍ നിങ്ങളെ വേണ്ടാത്ത മറ്റൊരാള്‍ക്ക് വേണ്ടി കളയുന്നത്? സ്വന്തം അഭിമാനം ആര്‍ക്കു മുമ്പിലും അടിയറവു വെക്കേണ്ടതില്ലെന്ന് നിങ്ങള്‍ തീരുമാനിക്കണം. എന്തായാലും ഉത്തരയെ ആരും മറന്നു കാണില്ലെന്ന് വിചാരിക്കുന്നു. സ്ത്രീധനം എന്ന സാമൂഹ്യവിപത്ത് മൂലം ജീവന്‍ ബലി നല്‍കേണ്ടി വന്ന മറ്റൊരു പെണ്‍കുട്ടി. ഇനിയൊരു അര്‍ച്ചനയും വിസ്മയയും ഉത്തരയും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ നമ്മള്‍ ഒരു പുനര്‍വിചിന്തനം നടത്തിയേ തീരൂ.