ഹരിത കേരളത്തിലെ സ്വര്‍ഗ ഭൂമി

Food & Travel Writers Blog

ദില്‍ഷാദ ഷാനിദ്

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെങ്കില്‍ ആ നാട്ടില്‍ കാഴ്ച്ചകളുടെ സ്വര്‍ഗ്ഗമാണ് വയനാട്. യാത്രയെ പ്രണയിച്ചു കിലോമീറ്ററുകള്‍ താണ്ടി വരുന്ന സഞ്ചാരികള്‍ക്ക് എന്നും കുളിര്‍മയാണ് വയനാടിന്റെ വശ്യമനോഹാരിത. കണ്ണുകളെ കുളിര്‍മ അണിയിപ്പിക്കുന്ന പ്രകൃതി ഭംഗിയും വേറിട്ടു നില്‍ക്കുന്ന കാലാവസ്ഥ അനുഭൂതിയും സഞ്ചാരികളില്‍ ഏറെ പ്രിയമുണര്‍ത്തുന്നു.

കാടിനേയും കാട്ടാറിനേയും പ്രണയിച്ചു തന്റെ മടിത്തട്ടില്‍ എത്തുന്നവര്‍ക്ക് മുന്നില്‍ അതിശയിപ്പിക്കുന്ന കാഴ്ച്ചകളോരുക്കി കൗതുകമുണര്‍ത്തുന്നതില്‍ ഇന്നും മുന്നില്‍ അവള്‍ തന്നെയാണ്. പ്രകൃതിജന്ന്യ സുഗന്ധദ്രവ്യങ്ങളും ആയുര്‍വേദ ചികിത്സ കേന്ദ്രങ്ങളും ലക്ഷ്വറി റിസോര്‍ട്ടുകളും വയനാടിനെ അന്താരാഷ്ട്ര വിനോദ സഞ്ചാരഭൂപടത്തിലേക്ക് ഇടംപിടിക്കാന്‍ പങ്കുവഹിച്ചിട്ടുണ്ട്. മഞ്ഞുപുതച്ച മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളുമാണ് വനഭംഗിക്ക് മാറ്റുക്കൂട്ടുന്നത്. ചരിത്ര സ്മാരകങ്ങളും താടാകങ്ങളും ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങളും ഒട്ടും കുറവില്ല.

കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ല വിനോദ സഞ്ചാരികളുടെ ഇഷ്ട്ടതാവളമാണ്. തിരക്കുകളുടെ ലോകത്ത് നിന്നും ഒരു ഇടവേള ആഗ്രഹിക്കുന്നവര്‍ക്ക് ചുറ്റിക്കറങ്ങി രസിക്കുവാനുള്ളതെല്ലാം വയനാട്ടില്‍ ഉണ്ട്. പച്ചപരവതാനി വിരിച്ച പശചിമഘട്ട മലനിരകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മഞ്ഞും മഴയും എന്നും വയനാടിന്റെ പ്രകൃതിഭംഗിക്ക് ഒരാലങ്കാരമാണ്.

എടക്കല്‍ ഗുഹ, പൂക്കോട് തടാകം, മുത്തങ്ങ വനം, പക്ഷി പതാളം, സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുരസാഗര്‍ ഡാം, മീന്‍മുട്ടി വെള്ളച്ചാട്ടം, നീലിമല, ചെതലയം, കബനി നിലയിലുള്ള കുറുവദ്വീപ്, 900കണ്ടി, ലക്കിടി വ്യൂ പോയിന്റ്, ചെമ്പ്രമല, കുറുമ്പാലക്കോട്ട തുടങ്ങി പഴശ്ശിയുടെ സ്മരണകള്‍ ഉറങ്ങുന്ന മാനന്തവാടി എന്നിവയാണ് വയനാട്ടിലെ പ്രധാന വിനോദസഞ്ചാര മേഖലകള്‍.അത്യപൂര്‍വ്വയിനം പക്ഷികളുടെ ആവാസ കേന്ദ്രമാണ് വയനാട്. ചരിത്രപരമായും വയനാടിന് വളരെയധികം പ്രാധാന്യമുണ്ട്.

2132ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായി പശ്ചിമഘട്ട പ്രദേശത്ത് പരന്നു കിടക്കുന്ന വയനാട് ജില്ല വൈവിധ്യത്താല്‍ സമ്പന്നമാണ്.സമുദ്ര നിരപ്പില്‍ നിന്ന് 700 മുതല്‍ 2100വരെ ഉയരത്തിലാണ് വയനാട്ടിലെ വിവിധ പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്.ഇടതൂര്‍ന്നകാടും പച്ചപ്പ് നിറഞ്ഞ തേയില തോട്ടങ്ങളും കുന്നിന്‍ ചെരുവുകളും വയനാടിനെ കൂടുതല്‍ മനോഹാരിതയാക്കുന്നു.കാപ്പി, ഏലം,കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ കൂടിയാണ് ഈ ദേശം.

തേയിലയുടെ പച്ചപ്പും ഏലത്തിന്റെ സുഗന്ധവും ഒഴുകിയെത്തുന്ന വയനാട്ടിലെ തണുവൂറും മഞ്ഞുതന്നെയാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്.പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് ഇതിന് കാരണമെന്നതില്‍ സംശയമില്ല. മൂടല്‍മഞ്ഞാല്‍ പാതിമൂടിയ പാതയും പതഞ്ഞൊഴുകുന്ന പുഴകള്‍ക്കും കനത്ത കാടുകള്‍ക്കും ഇടയില്‍ വന്യതയെ പകുത്ത് മുന്നോട്ട് പോവുന്ന വയനാടന്‍ കാട്ടുപാതകള്‍ എന്നും ഒരനുഭൂതിയാണ്.

ഉഷ്ണമേഖലയില്‍ നിന്നും വയനാടിനെ വേര്‍തിരിക്കുന്നത് മഞ്ഞില്‍ പുതച്ച മലനിരകള്‍ തന്നെയാണ്. കാടും മണ്ണും മനുഷ്യരും പ്രകൃതിയോടിഴകി ചേരുന്നതും കാട്ടാറിന്റെ തീരങ്ങളില്‍ ഇന്നും നിത്യകാഴ്ച്ചതന്നെയാണ്.കാലത്തിന്റെ ചുവടുകള്‍ക്കൊപ്പം വയനാടിന്റെ മുഖം ഏറെ മാറിയിട്ടുണ്ടെങ്കിലും സൗന്ദര്യത്തിന്റെ തനിമ ഇന്നും മങ്ങാതെ തിളങ്ങി നില്‍ക്കുന്നുണ്ട്. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കാഴ്ചകള്‍ക്കപ്പുറം പുതിയ സമവാക്യങ്ങള്‍ കൂടിചേരുന്ന വയനാടന്‍ യാത്ര ജീവിതത്തിലെ മനോഹരമായ ഒന്നായിരിക്കും.