കോവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവ് കൊടുക്കാനൊരുങ്ങി കർണാടക

India News

കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് കൊടുക്കാനൊരുങ്ങി കർണാടക സര്ക്കാർ. ജൂലൈ 19 ഓടെ വലിയ ഇളവുകൾ പ്രാബല്യത്തിൽ വന്നേക്കും.

കടകളുടെ പ്രവർത്തന സമയം കൂട്ടുക, രാത്രികാല കർഫ്യൂ ഒഴിവാക്കുക, മാളുകളും പബുകളും തുറക്കുക,ആളുകളുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് സിനിമ തീയറ്ററുകൾ തുറക്കുക തുടങ്ങിയവയാണ് സർക്കാറിന്റെ പരിഗണയിലുള്ളത്. അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ കർണാടകയിലെ 31 ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിങ്കളാഴ്ച 1386 പുതിയ കേസുകൾ കൂടെ റിപ്പോർട്ട് ചെയ്തപ്പോൾ ആകെ 35896 പേർ ചികിത്സയിലുണ്ട്.

രാത്രി കർഫ്യൂവിന്റെ സമയം കുറയ്ക്കുന്നതിനെ കുറിച്ചും വാരാന്ത്യകർഫ്യൂ നിർത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നും, ഈ ആഴ്ച അവസാനം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ബി. എസ് യെദ്യുരപ്പ തീരുമാനം അറിയിക്കുമെന്നും കർണാടക ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു