ഇനി കുഞ്ഞുയാത്രകളും സുരക്ഷിതമാകും.5000 വിദ്യാർഥികൾക്ക് ഹെൽമറ്റ് വിതരണം ചെയ്തു

Local News

മലപ്പുറം : ഇരുചക്ര വാഹനങ്ങളിലെ യാത്ര സുരക്ഷിതമാക്കാൻ വിദ്യാർഥികൾക്ക് ഹെൽമറ്റുകൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത്. എൻ.ജി.ഒ ഹീറോ മോട്ടോ കോർപ്പുമായി സഹകരിച്ചാണ് ജില്ലയിൽ നിന്നും രണ്ട് മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിക്കുന്ന തെരഞ്ഞെടുത്ത 5000 വിദ്യാർഥികൾക്ക് ഹെൽമറ്റുകൾ വിതരണം ചെയ്തത്. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര
വാഹനങ്ങളിൽ സഞ്ചരിക്കുന്ന പലരും അപകടത്തിൽപെടുന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത്, ഹീറോ മോട്ടോ കോർപ് സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ ഹെഡ് ഇൻജുറി ഫൗണ്ടേഷനുമായി ചേർന്ന് ഹെൽമറ്റ് നൽകിയത്. സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കിയത് മലപ്പുറം ജില്ലയിലാണ്.

മലപ്പുറം ടൗൺഹാളിൽ നടന്ന പരിപാടി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഹെൽമറ്റ് ധരിക്കുന്നതെന്നും ജില്ലാ പഞ്ചയത്തിന്റെയും എൻ.ജി.ഒ ഹീറോ മോട്ടോ കോർപ്പിന്റെയും ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രാഫിക് ബോധവത്കരണ ക്ലാസിന് ഡോ. ചിത്ര നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സഹീന ഹസീബ്, നസീബ അസീസ്, കെ.ടി അജ്മൽ, എ.കെ സുബൈർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു നന്ദിയും പറഞ്ഞു.
ഇന്ത്യൻ ഹെഡ് ഇൻജുറി ഫൗണ്ടേഷൻ പ്രതിനിധികളായ അമിത് കോർ, ഹാഫിസ്, ഹേമൻജോത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.