ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാവുന്നു

Food & Travel International News

ഉത്തരകൊറിയയിൽ ആവശ്യ സാധനങ്ങൾക്കടക്കം അധികവിലയായതോടെ രാജ്യത്ത് ഭക്ഷ്യക്ഷാമം വർധിക്കുന്നു. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ ഇതിൽ ആശങ്കയറിയിച്ചതായി വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്ഷമുണ്ടായ ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷി നാശമുണ്ടായെന്നും ഇത് ഭക്ഷ്യോത്പാദനത്തെ കാര്യമായി ബാധിച്ചതുമാണ് ഇപ്പോഴത്തെ ഭക്ഷ്യക്ഷാമത്തിനു കാരണമായി കിം പറയുന്നത്. രാജ്യത്ത് എല്ലാ ഭക്ഷ്യോത്പന്നങ്ങളുടെയും വില കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു പാക്കറ്റ് ബ്ലാക് ടീ-ക്ക് 70 രൂപയും ഒരു പാക്കറ്റ് കാപ്പിക്ക് 7414 രൂപയും ഒരു കിലോ വാഴപ്പഴത്തിന് 3335 രൂപയുമൊക്കെയാണ് ഇപ്പോൾ വില വരുന്നത്.

ഇപ്പോഴത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇറങ്ങി പ്രവർത്തിക്കണമെന്ന് കിം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് കാലത്തെ സുരക്ഷ മുൻനിർത്തി രാജ്യത്തെ അതിർത്തികളെല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ എങ്ങനെ ഈ അവസ്ഥ കൈകാര്യം ചെയ്യുമെന്നതിൽ കൃത്യതയില്ല.

ഉത്തരകൊറിയയിൽ 8,60,000 ടണ്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ കുറവുണ്ടെന്നാണ് ഈയടുത്ത് വന്ന യുഎന്‍ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. ചൈനയിൽ നിന്നാണ് ഇപ്പോൾ ഉത്തര കൊറിയയ്ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ എത്തുന്നത്. ഇതുവരെ ഒരു കോവിഡ് കേസ് പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഭരണകൂടം അതിര്‍ത്തികള്‍ അടക്കുകയും പ്രാദേശിക യാത്രകള്‍ക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്