സ്വപ്നങ്ങളുടെ കൂട്ടുകാരൻ….

Education Feature Writers Blog

രമ്യ ഗായത്രി

‘സ്വപ്നം എന്നത് നിങ്ങള്‍ ഉറക്കത്തില്‍ കാണുന്നതല്ല, അത് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാകണം ‘
നമ്മളേവരെയും സ്വപ്നം കാണാന്‍ പഠിപ്പിച്ച നമ്മുടെ സ്വന്തം രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുള്‍കലാം അന്തരിച്ചിട്ട് ഇന്നേക്ക് ആറുവര്‍ഷം. രാജ്യം അഴിമതിരഹിതവും നല്ല മനസുകളുടെ ദേശവും ആകണമെങ്കില്‍ സമൂഹത്തിലെ മൂന്ന് വിഭാഗത്തില്‍പെടുന്നവര്‍ക്ക് ആ മാറ്റം ഉണ്ടാക്കാന്‍ നിഷ്പ്രയാസം കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.അച്ഛന്‍,അമ്മ അധ്യാപകര്‍ എന്നിവരാണ് അവര്‍.
1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രമേശ്വരത്തു അദ്ദേഹം ജനിച്ചു.2002 ല്‍ ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി അദ്ദേഹം ചുമതലയേറ്റു. മുന്‍രാഷ്ട്രപതി എന്നതിനോടൊപ്പംതന്നെ ഇന്ത്യയുടെ ‘മിസൈല്‍ മാന്‍’ എന്നപേരിലും എ പി ജെ അബ്ദുല്‍കലാം അറിയപെടുന്നു. ഐ എസ് ആര്‍ ഒ യുടെ ആദ്യകാലത്തെ ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു അബ്ദുള്‍ കലാം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിങ് വെഹിക്കിളിന്റെയും സങ്കേതികവിദ്യ വികസനത്തിനു വിലമതിക്കാനാവാത്ത സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. അഗ്‌നി, പ്രിഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവായിരുന്ന അദ്ദേഹം പൊക്‌റാനില്‍ നടന്ന അണുവായുധ പരീക്ഷണത്തിലും വലിയ പങ്കുവഹിച്ചിരുന്നു.

‘അദ്വിതീയനായി മാറുക. നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഏറ്റവും കഠിനമായ യുദ്ധം ചെയ്യുക’സൗമ്യമായ പുഞ്ചിരിയും, ലളിതമായ ജീവിതവുമായിരുന്നു കലാമിന്റെ മറ്റൊരു പ്രത്യേകത. രാജ്യത്തിനകത്തും പുറത്തുമുള്ള 48 സര്‍വകലാശാലകളില്‍ നിന്ന് ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ച അദ്ദേഹത്തെ തേടി പത്മഭൂഷണ്‍, പത്മവിഭൂഷണ്‍,ഭാരതരത്‌നംഎന്നീ സിവിലിയന്‍ ബഹുമതികളും എത്തി. യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നല്‍കുന്ന പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തി. രാഷ്ട്രപതി കാലയളവിലും അതിനു ശേഷവും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. തന്റെ ജീവിതത്തെ അബ്ദുല്‍ കലാം ‘അഗ്‌നിച്ചിറകുകള്‍ ‘എന്ന ആത്മകഥയിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞു.സ്വപ്നങ്ങളും ശരിയായ ലക്ഷ്യങ്ങളും ഇല്ലാത്തത് വലിയൊരു കുറ്റമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ചിന്തയുടെയും അറിവിനെയും ആത്മവിശ്വാസത്തിന്റെയും ശക്തിയില്‍ വിശ്വസിക്കാനും അതുവഴി നല്ലൊരു ജീവിതം നയിക്കാനും അദ്ദേഹം യുവതലമുറയെ പ്രചോദിപ്പിച്ചു. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ ഒരു അത്ഭുത മനുഷ്യന്‍ ആയി നമ്മള്‍ ഓരോരുത്തരും അദ്ദേഹത്തെ നോക്കി കണ്ടു. 2015 ജൂലൈ 27 ന് മേഘാലയയിലെ ഷില്ലോങ്ങിലെ ഐ -ഐ -എം-യില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹം കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയും ചെയ്തു. ഒരു സമൂഹത്തെ മുഴുവനായി പ്രചോദിപ്പിച്ച, സ്വപ്നം കാണാന്‍ പഠിപ്പിച്ച, ആത്മവിശ്വാസത്തിന്റെ ശക്തിയെ വിശ്വസിക്കാന്‍ പഠിപ്പിച്ച അദ്ദേഹത്തിന് ഒരായിരം പ്രണാമങ്ങള്‍