മുബാറക് വധക്കേസ് : പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും

Crime Keralam Local News

മഞ്ചേരി : മൈസൂര്‍ സ്വദേശി മുബാറക് (46)നെ തലയ്ക്കടിച്ച് പുഴയില്‍ തള്ളി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂര്‍ തൈവിളാകത്ത് മേലേ വീട്ടില്‍ മജീഷ് എന്ന ഷിജു എന്ന കുരു (38)വിനെയാണ് ജഡ്ജി എ വി ടെല്ലസ് ശിക്ഷിച്ചത്. 20 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ മുബാറക് നിലമ്പൂര്‍ വടപുറം കൊല്ലപ്പറമ്പന്‍ അലവിക്കുട്ടിയുടെ മകള്‍ സുഹ്‌റ(32)യെ വിവാഹം കഴിച്ച് ഭാര്യ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. 2022 മാര്‍ച്ച് 10നാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്. പ്രതിയും പ്രതിയുടെ കൂട്ടുകാരിയായ ശാന്ത എന്ന സുന്ദരിയും മുബാറക്കും ചാലിയാര്‍ പുഴയിലെ വീരാഡൂര്‍ കടവില്‍ മദ്യപിച്ചു കൊണ്ടിരിക്കയായിരുന്നു. മദ്യലഹരിയില്‍ ശാന്തയെ തന്റെ ഇംഗിതത്തിന് വിട്ടുതരണമെന്ന് മുബാറക് ആവശ്യപ്പെട്ടതോടെയാണ് വാക്കു തര്‍ക്കമുണ്ടായത്. വഴക്കിനിടെ പ്രതി വടികൊണ്ട് മുബാറക്കിന്റെ തലക്കടിച്ചു. അടിയേറ്റ് വീണ മുബാറക്കിനെ പ്രതി പുഴയിലേക്കെറിയുകയായിരുന്നു. പിറ്റേന്ന് മൃതദേഹം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നിലമ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച് 15ന് പ്രതി അറസ്റ്റിലായി. നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. പി പി ബാലകൃഷ്ണന്‍, അഡ്വ. കെ പി ഷാജു എന്നിവര്‍ ഹാജരായി. 38 സാക്ഷികളില്‍ 30 പേരെ കോടതി മുമ്പാകെ വിസ്തരിച്ചു. 39 രേഖകളും ആറ് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ എസ്‌സിപിഒ അബ്ദുല്‍ ഷുക്കൂര്‍ പ്രോസിക്യൂഷനെ സഹായിച്ചു.
കേസിലെ ഏക ദൃക്‌സാക്ഷിയായ ശാന്ത കേസ് വിചാരണക്കെടുക്കും മുമ്പെ മരണപ്പെട്ടിരുന്നു. ഇതോടെ ദൃക് സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. സംഭവ ദിവസം മുബാറക്കും മജീഷും ശാന്തയും ഒരുമിച്ച് പുഴക്കടവിലേക്ക് പോകുന്നതിന്റെയും രണ്ടു പേര്‍ മാത്രം തിരിച്ചു വരുന്നതിന്റെയും സി സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
റിമാന്റിലായ പ്രതിക്ക് നാളിതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. റിമാന്റില്‍ കിടന്ന കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യാനും പ്രതി പിഴയടക്കാത്തപക്ഷം ഒരു വര്‍ഷത്തെ അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു.

റിപ്പോർട്ട് :ബഷീർ കല്ലായി