ഉമ്മൻചാണ്ടിക്ക് നൽകിയ ഏറ്റവും വലിയ മരണാനന്തര ബഹുമതിയാണ് ചാണ്ടി ഉമ്മന് ലഭിച്ച ഭൂരിപക്ഷം: എ.പി അനില്‍ കുമാര്‍ എം എല്‍ എ

Local News Politics

മലപ്പുറം: പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്‍ നേടിയ ഉജ്ജ്വല വിജയം ഉമ്മൻചാണ്ടിക്ക് ഏറ്റവും വലിയ മരണാനന്തര ബഹുമതി നൽകിയതെന്ന് എ.പി അനില്‍ കുമാര്‍ എം എല്‍ എ പറഞ്ഞു.ചാണ്ടി ഉമ്മന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി മലപ്പുറത്ത് നടത്തിയ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാണ്ടി ഉമ്മനെ വിജയിപ്പിക്കാന്‍ ദുഷ്ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചത്താണ് വോട്ടു ചെയ്തപ്പോള്‍ ജനങ്ങള്‍ ആഞ്ഞുകുത്തിയത്.മുഖ്യമന്ത്രി മൗനംപാലിച്ചപ്പോൾ ജനങ്ങൾ മൗനം വെടിഞ്ഞ് പ്രതികരിച്ചതാണ് പുതുപ്പള്ളിയിൽ കണ്ടത്.
പിണറായി സര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ താക്കീതാണ് ഈ വിജയമെന്നും എല്‍.ഡി.എഫിന് കഴിഞ്ഞ പ്രാവശ്യം ലഭിച്ച 8000 ത്തോളം വോട്ടുകള്‍ അവിടെ കാണാനില്ലന്നും എല്‍.ഡി.എഫുകാര്‍ പോലും ദുര്‍ഭരണത്തിനെതിരായി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും ചാണ്ടി ഉമ്മന്റെ വിജയത്തില്‍ അവര്‍ക്കും നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ പഞ്ചായത്തുകള്‍ തോറും പ്രചരണം നടത്തിയിട്ടും യു.ഡി.എഫ് റെക്കോര്‍ഡ് വിജയമാണ് നേടിയത്.മുഖ്യമന്ത്രി മൗനം പാലിച്ചപ്പോള്‍ ജനങ്ങള്‍ മൗനം വെടിഞ്ഞ് പ്രതികരിച്ചതാണ് പുതുപ്പള്ളിയില്‍ കണ്ടത് എന്നും ഉമ്മന്‍ ചാണ്ടിക്കു പോലും ലഭിക്കാത്ത ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്.വരുന്ന ലോകസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയം ആവര്‍ത്തിക്കുമെന്നും എ.പി.അനില്‍കുമാര്‍ എം.എല്‍.എ കൂട്ടിച്ചേർത്തു.
ഡിസിസിയിൽ നിന്നും ആരംഭിച്ച പ്രകടനം മലപ്പുറം ടൗണിൽ നേതാക്കളും പ്രവർത്തകരും മധുര വിതരണം ചെയ്തും കരിമരുന്ന് പ്രയോഗം നടത്തിയും ആഘോഷിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ്, കെ.പി.സി.സി മെമ്പർ പറമ്പൻ റഷീദ്, ഡിസിസി ഭാരവാഹികളായ അസീസ് ചീരാൻതൊടി,പി.സി വേലായുധൻ കുട്ടി,പി.പി ഹംസ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റുമാരായ ഇസ്ഹാക് ആനക്കയം,അജ്മൽ മൊറയൂർ,ഹുസൈൻ വല്ലാഞ്ചിറ,കാദർ എടരിക്കോട് തുടങ്ങിയവർ സംസാരിച്ചു.