ഗള്‍ഫില്‍മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ട,സമ്പാദ്യം വല്ലതുമുണ്ടെങ്കില്‍ അയച്ചേക്കൂ; നോവായി പ്രവാസിയുടെ മരണം

News Pravasi

മലപ്പുറം: ഗള്‍ഫില്‍മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടെന്നും സമ്പാദ്യം വല്ലതുമുണ്ടെങ്കില്‍ അയച്ചേക്കൂവെന്നും വീട്ടുകാര്‍. നോവായി പ്രവാസിയുടെ മരണം. ഗള്‍ഫില്‍ എല്ലുമുറിയെ പണിയെടുത്ത് മക്കളെ ബിഫാം, എഞ്ചിനിയറിംങ്ങ് ബിരുദധാരികളാക്കിയ പ്രവാസിയുടെ അവസ്ഥയാണിത്. കുടുംബത്തിനായി 20 വര്‍ഷത്തോളം ഗള്‍ഫില്‍ പണിയെടുത്ത ഒരു പ്രവാസിയുടെ അവസാന വിധി കണ്ടാല്‍ ഏവരുടേയും കണ്ണു നിറഞ്ഞുപോകും.
ഇരുപത് വര്‍ഷത്തോളം ഗള്‍ഫ് നാടുകളില്‍ കുടുംബത്തിനായി പണിയെടുത്ത ഒരു പ്രവാസിക്ക് മാപ്പര്‍ഹിക്കാത്ത അവഗണന നേരിട്ടത്. സംഭവം കേരളത്തിലല്ല. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലാണു നടന്നത്. തമിഴ്‌നാട് കള്ളക്കുറിച്ചി വിരുപ്പുറം കാരന്നൂര്‍ മരിയമ്മന്‍ കോവില്‍ സ്വദേശി ദുരൈയുടെ മരണമാണ് പ്രവാസലോകത്ത് നോവാകുന്നത്. തങ്ങള്‍ക്ക് മൃതദേഹം ആവശ്യമില്ലെന്നും നാട്ടിലേക്ക് കയറ്റി അയക്കേണ്ടതില്ലെന്നുമാണ് ദുരൈയുടെ ഭാര്യയുടെയും മക്കളുടെയും നിലപാട്.സമ്പാദ്യം വല്ലതുമുണ്ടെങ്കില്‍ നാട്ടിലേയ്ക്കയക്കാനും മൃതദേഹം സൗദിയില്‍ തന്നെ മറവു ചെയ്യാനുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ സൗദി അബഹ ഷറാഫ് ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്‌കരിച്ചു.
ഇരുപത് വര്‍ഷമായി സൗദിയില്‍ മേസനായി ജോലി ചെയ്യുന്ന ദുരൈ ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് ആണ് സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. തുടര്‍ന്ന് അബഹയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷേക്ക് ബാഷയാണ് കുടുംബത്തെ ബന്ധപ്പെട്ട് മരണവിവരം അറിയിച്ചത്. എന്നാലിവര്‍ മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ സാമ്പത്തിക ബാധ്യത വരുന്നതിന്റെ പേരില്‍ മൃതദേഹം നിഷേധിച്ചതാണോയെന്ന സംശയത്താല്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം, എംബസി ചിലവില്‍ മൃതദേഹം നാട്ടില്‍ എത്തിച്ചു നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ കാണാന്‍ താല്‍പ്പര്യമില്ലെന്നും അയക്കേണ്ടെന്നും ആവര്‍ത്തിക്കുകയാണ് കുടുംബം ചെയ്തത്.
ഇരുപത് വര്‍ഷത്തെ പ്രവാസം കൊണ്ട് ദുരൈയ്ക്ക് മക്കളെ ബിഫാം, എഞ്ചിനിയറിംങ്ങ് ബിരുദധാരികളാക്കാനായി. മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം ലക്ഷങ്ങള്‍ ചിലവഴിച്ച് വീടും വെയ്ക്കനായി. എന്നാല്‍ വളരെ ലളിതമായി ജീവിച്ചിരുന്നയാളാണ് ദുരൈയെന്നും സുഹൃത്തുക്കള്‍ പറയുന്നു.