മദ്രസ്സ അധ്യയന വർഷത്തിന് ഞായർ തുടക്കം, 12 ലക്ഷം വിദ്യാർഥികൾ ഇൽമ് തേടി ഇന്ന് മദ്റസ്സയിലെത്തുന്നു

Education Keralam News

കോഴിക്കോട്: റമദാൻ അവധി കഴിഞ്ഞു ഞായറാഴ്ച മദ്റസ്സകൾ തുറന്നു പ്രവർത്തിക്കുകയാണ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 10,601 അംഗീകൃത മദ്രസ്സകളിൽ വിപുലമായ പ്രവേശനോത്സവത്തോടെയാണ് ഇന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നത്. പന്ത്രണ്ട് ലക്ഷം കുട്ടികളാണ് കേരളത്തിനകത്തും പുറത്തുമായി ഇൽമ് തേടി ഇന്ന് മദ്രസ്സയിൽ എത്തുന്നത്. അവരെ സ്വീകരിക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും മദ്രസ്സ കമ്മിറ്റി ഭാരവാഹികളും ഇന്ന് മദ്രസ്സയിൽ ഉണ്ടാവും.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രീ പ്രൈമറി മുതൽ ഹയർ എഡ്യൂക്കേഷൻ വരെ സംവിധാനിച്ച വിദ്യാഭ്യാസ പദ്ധതി ലോകോത്തര മാതൃകയാണ്. അംഗീകൃത മദ്രസ്സകൾ ഇല്ലാത്ത രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് മദ്രസ്സ പഠനം സാധ്യമാക്കുന്നതിന് ഈ അധ്യയന വർഷം മുതൽ ഇ-മദ്രസ്സ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികൾക്ക് കൂടി ഈ അധ്യയന വർഷം തുടക്കം കുറിക്കുകയാണ്. ആവശ്യമായ പാഠപുസ്തകങ്ങളും പാരായണ നിയമങ്ങൾ അടയാളപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ വിശുദ്ധ ഖുർആനും പ്രത്യേക രീതിയിൽ തയ്യാറാക്കിയ നോട്ട് ബുക്കുകളും കോഴിക്കോടുള്ള സമസ്ത ബുക്ക്‌ ഡിപ്പോ വഴി വിതരണം ചെയ്തു വരുന്നു.
പുതിയ അധ്യയന വർഷത്തിന് സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട്‌ പി. കെ. മൂസക്കുട്ടി ഹസ്രത്തും ജനറൽ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാരും ആശംസകൾ നേർന്നു