ജനയുഗം ശ്രീനാരായണ ഗുരുവിന് പ്രാധാന്യം നൽകിയില്ല; ശിവരാമന്റെ വിമർശനത്തിന് താക്കീത് നൽകി പാർട്ടി

Local News Politics

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ ജനയുഗം ദിനപത്രം വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്ന വിമർശനം നടത്തിയതിന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് പാര്‍ട്ടി പരസ്യമായ താക്കീത് നൽകി. ഇത്തരത്തിലൊരു വിമർശനം നടത്തിയ ശിവരാമനെതിരെ നടപടി എടുക്കണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആവശ്യം ഉയർന്നതിനെ തുടർന്ന് സംസ്ഥാന കൗൺസിൽ വിഷയം ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

ശ്രീനാരായണഗുരു ജയന്തിയുടെ അന്ന് പത്രങ്ങൾ ഗുരുദര്‍ശനങ്ങളെ പറ്റി ലേഖനങ്ങൾ എഴുതിയിരുന്നെന്നും എന്നാൽ ജനയുഗം പത്രം ആദ്യ പേജിൽ ഗുരുവിന്റെ ഒരു ചിത്രം മാത്രമേ നൽകിയുള്ളൂ എന്നുമായിരുന്നു ശിവരാമൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ഗുരുവിനെ മനസിലാക്കാത്ത ജനയുഗത്തിന്റെ എഡിറ്റോറിയൽ ബോർഡും മാനേജ്മെന്‍റും നല്ലതല്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.