ചെങ്കണ്ണ് പടരുന്നു:ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..

News

മലപ്പുറം :ജില്ലയിൽ പലയിടത്തും ചെങ്കണ്ണ് പടരുന്നു. ചെങ്കണ്ണിന് സർക്കാർ ആശുപത്രികളിലുൾപ്പെടെ വിദഗ്ധ ചികിത്സ ലഭിക്കുമെങ്കിലും ആശുപത്രികളിൽ ചികിത്സ തേടാൻ ആളുകൾ മടിക്കുകയാണ്. പലരും സ്വയം ചികിത്സ നടത്തിയാണ് ഈ രോഗത്തെ നേരിടുന്നത്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുന്ന അസുഖമാണ് ഇതെന്ന് നേത്ര രോഗ വിദഗ്ധർ പറയുന്നു.
കണ്ണിന്റെ മുന്നിലുള്ള നേത്ര പാടയായ കൺജങ്ടൈവയിൽ അണുബാധ കൊണ്ടുണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്.രോഗമുണ്ടായാൽ കണ്ണിന് പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമാകും.വൈറസ്, ബാക്ടീറിയ, അലർജി തുടങ്ങിയവയാണ് രോഗ കാരണം.വേഗത്തിൽ പകരുന്ന ഈ രോഗത്തെ വേണ്ടപോലെ ചികിൽസിക്കാതിരുന്നാൽ നേത്ര പടല അന്ധത വരെ സംഭവിക്കാം. രോഗം ബാധിച്ചാൽ സാധാരണ 5 മുതൽ 7ദിവസം വരെയും നീണ്ടു നിൽകാം. കുട്ടികളിലാണ് കൂടുതലായും അസുഖം കണ്ടു വരുന്നത്, അതിനാൽ തന്നെ രോഗമുള്ള കുട്ടികളെ സ്കൂളിൽ വിടരുതെന്നും,കുട്ടികളുൾപ്പെടെ എല്ലാവരും രോഗം ഭേദമാകുന്നത് വരെ വീട്ടിൽ വിശ്രമിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
രോഗമുള്ള ആളെ നോക്കിയത് കൊണ്ടോ അവരോട് സംസാരിച്ചത് കൊണ്ടോ രോഗം പടരില്ല.രോഗമുള്ള വ്യക്തി ഉപയോകിക്കുന്ന സാധനങ്ങൾ സ്പർശിച്ചാൽ രോഗാണുക്കൾ കണ്ണിലെത്താം. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന തോർത്ത്‌, കിടക്ക, തലയണ, പുതപ്പ്, തൂവാല, സോപ്പ്, ചീർപ്പ്, പേന, പുസ്തകം, പേപ്പർ, മൊബൈൽ ഫോൺ മുതലായവ മറ്റുള്ളവർ ഉപയോഗിക്കരുത്.സോപ്പ് ഉപയോഗിച്ച് ഇടക്കിടക്ക് കൈ കഴുകണം. വൃത്തിയായി കഴുകുന്നതിന് മുൻപ് കണ്ണിലോ, മുക്കിലോ, വായിലോ ഒരു കാരണവശാലും തൊടരുത്. കണ്ണിന് അയാസമുണ്ടാകുന്ന ജോലികൾ ചെയ്യരുത്. ചികിത്സതേടി വിശ്രമമെടുത്താൽ ചെങ്കണ്ണ് ഭേദമാകും