വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ ; റമദാനിൽ പ്രതിദിനം നാല് ലക്ഷം പേർ ഉംറക്ക് എത്തിയേക്കും

International News Religion

റിയാദ് : റമദാനിൽ പ്രതിദിനം നാല് ലക്ഷം പേർ ഉംറക്ക് എത്തുമെന്ന് സൗദി അറേബ്യ. കൊവിഡ് പ്രൊട്ടോക്കോളില്‍ ഇളവ് പ്രഖ്യാപിച്ചതും പുണ്യമാസമായ റമദാന്‍ അടുത്തെത്തിയതും കാരണം മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി റമദാന്‍ സീസണില്‍ പ്രതിദിനം നാലു ലക്ഷം പേര്‍ ഉംറക്കെത്തുമെന്ന് സൗദി അറേബ്യയിലെ ഹജ്ജ് – ഉംറ വകുപ്പ് സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മശ്ശാത്ത് അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ഘട്ടം ഘട്ടമായി തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഒരു ലക്ഷം പേരാണ് മസ്ജിദുല്‍ ഹറമില്‍ പ്രതിദിനം ഉംറ ചെയ്‍ത് മടങ്ങുന്നത്. ഒരാഴ്ചകൂടി ഈ വിധത്തിലായിരിക്കും തീര്‍ഥാടകര്‍ എത്തുക.