സൗദി അറേബ്യയില്‍ അടുത്ത ചൊവ്വാഴ്‍ച വരെ പൊടിക്കാറ്റ് തുടരും

International News

റിയാദ്: സൗദി അറേബ്യയിൽ അനുഭവപ്പെട്ട പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റില്‍ റിയാദ് മേഖലയില്‍ 182 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‍തത്. അടുത്ത ചൊവ്വാഴ്‍ച വരെ പൊടിക്കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്‍റാന്‍, അസീര്‍, അല്‍ ബാഹ, മക്ക, മദീന എന്നിവിടങ്ങളില്‍ തിങ്കളാഴ്‍ച വരെ പൊടിക്കാറ്റുണ്ടാകുമെന്നും അല്‍ ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യവിടങ്ങളില്‍ ചൊവ്വാഴ്‍ച വരെ ഉണ്ടാവാൻ സാധ്യതയുടെന്നും അറിയിപ്പുണ്ട്.

സൗദി അറേബ്യയ്‍ക്ക് പുറമെ മറ്റ് അഞ്ച് അറബ് രാജ്യങ്ങളിലും ജനങ്ങള്‍ ഇപ്പോള്‍ പൊടിക്കാറ്റ് നേരിടുകയാണ്. ദൂരക്കാഴ്‍ച ദുഷ്‍കരമായതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.