ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യംചെയ്ത ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു

Breaking News

ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യംചെയ്ത ഏജീസ് ഓഫീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. തിരുവനന്തപുരം ഏജീസ് ഓഫീസിലെ രവി യാദവ്, ജസ്വന്ത് എന്നിവർക്കാണ് വെട്ടേറ്റത്. തിരുവനന്തപുരം നഗരത്തിൽ പേട്ടയ്ക്ക് സമീപം ഞായറാഴ്ചയായിരുന്നു സംഭവം.

കുടുംബസമേതം നടക്കാനിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരേ ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. അക്രമിസംഘം ആദ്യം ഉദ്യോഗസ്ഥരുടെ ഭാര്യമാരെ റോഡിൽവെച്ച് കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടെ രവിയാദവിനെയും ജസ്വന്തിനെയും വെട്ടിപരിക്കേൽപ്പിച്ചു. രവി യാദവിന്റെ കൈയ്ക്കും വിരലുകൾക്കുമാണ് വെട്ടേറ്റത്. ജസ്വന്തിന്റെ കാലിലാണ് പരിക്ക്. കുഞ്ഞുങ്ങളെ വെട്ടുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് പോലീസെത്തിയാണ് ഇവരെ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ ആശുപത്രിയിൽനിന്ന് തിരികെ വീട്ടിലെത്തിയ ശേഷവും അക്രമികൾ ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയ അക്രമിസംഘം ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.