മലപ്പുറം പുക്കോട്ടുമണ്ണയില്‍ നായയെ ബൈക്കിന് പിന്നില്‍ കെട്ടി കിലോമീറ്ററോളം വലിച്ചിഴച്ചു കൊന്ന പ്രതി അബ്ദുല്‍ കരീം മുങ്ങി.

Local News

മലപ്പുറം: മലപ്പുറം എടക്കര പൂക്കോട്ടുമണ്ണയില്‍ നായയെ ബൈക്കിനു പിന്നില്‍ കെട്ടി കിലോമീറ്ററോളം വലിച്ചിഴച്ചു കൊന്ന് കണ്ണില്‍ചോരയില്ലാത്ത ക്രൂരത നടത്തിയത് പുക്കോട്ടുമണ്ണ സ്‌കൂളിനടത്ത് വാടക വീട്ടിലെ താമസക്കാരനായ പുത്തന്‍വീട്ടില്‍ അബ്ദുല്‍ കരീം. പ്രതിക്കെതിരെ എടക്കര പോലീസ് കേസെടുത്തു. ചുങ്കത്തറ പഞ്ചായത്തിലെ പുലിമുണ്ടയില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം അരങ്ങേറിയത്. ബൈക്കില്‍ കെട്ടിയ കയറില്‍ നായയെ ബന്ധിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട അനൂപ് എന്ന യുവാവ് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. സംഭവ സമയത്ത് നായയെ അനക്കമില്ലാത്ത രീതിയിലാണ് കണ്ടതെങ്കിലും ശ്വാസം എടുക്കുന്നതായി തോന്നിയിരുന്നുവെന്നും അനൂപ് പറഞ്ഞു. സംഭവം അറിഞ്ഞ എമര്‍ജന്‍സി റെസ്‌ക്യൂഫോഴ്‌സ് ഭാരവാഹികളായ വിപിന്‍പോള്‍, അബ്ദുല്‍ മജീദ്, ഷഹബാന്‍ മമ്പാട്, നജ്മുദ്ദീന്‍, അസൈനാര്‍ എന്നിവര്‍ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി. ഇതിന് പുറമെ സംഘം പ്രതിയുടെ വീട്ടിലെത്തി കാര്യം അന്വേഷിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഈ നായ വീട്ടിലെ ചെരുപ്പുകടിച്ചുകൊണ്ടുപോകാറുണ്ടെന്നു വീട്ടുകാര്‍ മൊഴി നല്‍കി. കെട്ടിയിട്ട നായയുടെ കഴുത്ത് കയറില്‍ വലിഞ്ഞ് ചത്തതാണെന്നാണ് വീട്ടുകാര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണെന്നാണു പോലീസും റെസ്‌ക്യൂ ഫോഴ്‌സ് അധികൃതരും പറഞ്ഞു. പ്രതിയെ തേടി പോലീസ് വീട്ടിലെത്തിയപ്പോഴേക്കും ഇയാള്‍ സ്ഥലത്തുനിന്നും മുങ്ങിയിരുന്നു. പ്രതിയായ അബ്ദുല്‍ കരീം
നിലമ്പൂരില്‍ കോഴിക്കട നടത്തിവരികയായിരുന്നു. ഇവിടെ വാടകക്കാണു താമസിച്ചുവരുന്നത്.
അനൂപ് എടുത്ത വീഡിയോ ആദ്യം ‘അനു നവൂരി’ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലാണ് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തിത്. ‘പ്രിയ സുഹൃത്തുക്കളെ ഇന്ന് എന്റെ മനസിനെ അത്രയധികം വേദനിപ്പിച്ച കാഴ്ചയാണിത്. സാധാരണഗതിയില്‍ മറ്റുള്ളവര്‍ പറഞ്ഞുകേട്ടും മൊബൈലിലൂടെയുമൊക്കെയാണ് ഇതൊക്കെ കണ്ടിട്ടുള്ളത്. കണ്ടുനില്‍ക്കാനാകില്ല, ജീവനുള്ള മിണ്ടാപ്രാണിയെ ബൈക്കില്‍ കെട്ടി വലിച്ചിഴക്കുന്ന കാഴ്ച’ എന്നു പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അതിനു കൂട്ടാക്കിയില്ലെന്നും പോസ്റ്റില്‍ പറയുന്നു.
എന്തിനാണ് നായയെ ഇങ്ങനെ കൊണ്ടുപോകുന്നതെന്നു വീഡിയോ ചിത്രീകരിച്ച അനൂപ് ചോദിക്കുമ്പോള്‍ കൈകൊണ്ട് തൊടാന്‍ പറ്റാത്ത സാഹചര്യത്തിലായതിനാല്‍ ആണെന്ന് ബൈക്കുകാരനായ പ്രതി അബ്ദുല്‍ കരീം മറുപടി നല്‍കുന്നുണ്ട്.