ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികളെ ഉപാധികളില്ലാതെ തിരിച്ചെടുക്കണമെന്ന് മന്ത്രി

Keralam News

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പ്രവര്‍ത്തിക്കുന്ന കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികളെ ഉപാധികളില്ലാതെ തിരിച്ചെടുക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറോട് ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് 16 മാസത്തോളം സിഎഫ്എല്‍ടിസി സെന്‍ററായി പ്രവര്‍ത്തിച്ചിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തില്‍ 24 ലക്ഷം രൂപയുടെ പണികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് പറഞ്ഞ്, സമീപത്തെ ഓശാന മൌണ്ടില്‍ താത്കാലിക സെന്‍റര്‍ സജ്ജമാക്കിയ ഇന്‍സ്റ്റിറ്റ്യൂട്ട് നടപടിയെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളായ ഹരിപ്രസാദ് ( സംവിധാനം, തിരക്കഥ), ബിബിൻ സി ജെ ( ക്യാമറ), ബോബി നിക്കോളാസ് ( എഡിറ്റിങ്ങ്), മഹേഷ്‌ ( ശബ്ദമിശ്രണം) എന്നിവരെയാണ് ജനുവരി ആദ്യം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്താക്കിയത്. ഇതിനെ തുടര്‍ന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ക്യാപസിലുണ്ടായിരുന്ന 28 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തിലായിരുന്നു.

കൊവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജര്‍ നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളപ്പോള്‍ അതേ കാരണം ഉന്നയിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ നിരുപാധികം മാപ്പ് എഴുതി നല്‍കുകയും അവര്‍ പങ്കെടുക്കാതിരുന്ന പ്രാക്ടിക്കല്‍ ക്ലാസിനായി ഒരാള്‍ 20,000 ഫൈന്‍ അടയ്ക്കണമെന്നും ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. ഈ തീരുമാനം സ്വന്തം തീരുമാനമല്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് അക്കാദമിക്ക് ബോഡികളായ എക്സിക്യൂട്ടീവ് കൌണ്‍സില്‍, അക്കാദമിക്ക് കൌണ്‍സില്‍, അക്കാദമിക്ക് കമ്മറ്റി എന്നീ മൂന്ന് കമ്മറ്റികളും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണനും അക്കാദമിക്ക് കൌണ്‍സിലിന്‍റെ ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളിയുടെയും അംഗീകാരത്തോടെയാണ് തീരുമാനം എടുത്തിട്ടുള്ളതെന്നും പറയുന്നു .

എന്നാല്‍, മാപ്പ് എഴുതി നല്‍കാന്‍ തയ്യാറാകാതിരുന്ന വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരത്തിനിറങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറെയും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെയും ചര്‍ച്ചയ്ക്കായി വിളിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് അധികാരികള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതായി മന്ത്രി പറഞ്ഞെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പ്രക്റ്റിക്കലിനായി പണം അടയ്ക്കേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി, നാല് വിദ്യാര്‍ത്ഥികളെയും നിരുപാധികം തിരിച്ചെടുക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറോട് ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തെ സിലബസ് നല്‍കുക. 2019 ല്‍ ബാച്ച് തുടങ്ങിയ സമയത്ത് വാങ്ങി വച്ച ബോണ്ട് പേപ്പര്‍ തിരിച്ച് നല്‍കുക തുടങ്ങി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച മറ്റ് വിഷയങ്ങളില്‍ നടപടിയെടുക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ മന്ത്രിക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പ് നല്‍കി. ഡയറക്ടറുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം പിൻവലിച്ചു .