സമരവിജയം ; പീഡനപരാതിയിൽ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്റ്റിൽ

Crime Education Keralam News

തൃശൂർ: സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിനി നൽകിയ പീഡന പരാതിയിൽ അധ്യാപകനായ ഡോ സുനിൽ കുമാർ അറസ്റ്റിൽ. കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കഴിഞ്ഞ ദിവസം സർവകലാശാല സസ്‌പെൻഡ് ചെയ്തിരുന്നു. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പഠിപ്പ് മുടക്കി വിദ്യാർത്ഥികൾ സമരം നടത്തുകയായിരുന്നു. സമരവുമായി വിദ്യാർഥികൾ മുന്നോട്ട് പോകുന്നതിനിടെയാണ് അറസ്റ്റ്.

രണ്ട് അധ്യാപകർക്കെതിരെ പെൺകുട്ടി ആരോപണമുന്നയിച്ചിരുന്നു. കേരള സർവകലാശാലയിൽ നിന്ന് വിസിറ്റിങ് പ്രഫ. ആയി വന്ന അധ്യാപകൻ ഓറിയന്റേഷന്‍ ക്ലാസിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയത് കോളേജ് ഡീനിനെയും വകുപ്പ് മേധാവിയെയും പെൺകുട്ടി അറിയിച്ചെങ്കിലും നടപടി ഒന്നും എടുത്തിരുന്നില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സ്കൂൾ ഓഫ് ഡ്രാമയിലെ ഡീൻ സുനില്‍കുമാറെത്തുകയും ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിക്കുകയുമായിരുന്നു. പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ ഇയാൾ പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയും മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13 ന് പെണ്‍കുട്ടി ജീവനൊടുക്കാൻ ഒരുങ്ങുകയും ചെയ്തിരുന്നു.