കനോലി എക്കോ ടൂറിസം പദ്ധതിക്ക് ചാത്തുമേനോന്റെ പേര് നല്‍കണം: നൗഷാദ് മണ്ണിശ്ശേരി

Local News Politics

നിലമ്പൂര്‍ : നിലമ്പൂരിലെ കനോലി എക്കോ ടൂറിസം പദ്ധതിക്ക് ചാത്തുമേനോന്‍ എക്കോ ടൂറിസം പദ്ധതിയെന്നോ, നിലമ്പൂര്‍ എക്കോ ടൂറിസം പദ്ധതിയെന്നോ പേര് മാറ്റിനല്‍കി അതിലെ സാമ്രാജത്യ വിധേയത്വം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി.
നിലമ്പൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അകം പുറം’ കാമ്പയിന്റ ഭാഗമായി മൂത്തേടംതാളിപ്പാടത്ത് നടന്ന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ കലക്ടര്‍ ആയിരുന്ന കനോലി സായിപ്പിന്റെ ഉത്തരവ് പ്രകാരം ചാത്തുമേനോനാണ് രണ്ടര ഹെക്ടര്‍ സ്ഥലത്ത് തേക്ക് നട്ടുപിടിപ്പിച്ചത്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന തേക്കും നിലമ്പൂര്‍ എക്കോ ടൂറിസം മേഖലയിലാണുള്ളത്. മലബാറിലെ സ്വതന്ത്ര സമര സേനാനികളെയും മലബാര്‍ ജനതയെയും ഏറെ വേട്ടയാടുകയും ദ്രോഹിക്കുകയും ചെയ്ത കനോലി സായിപ്പിന്റെ പേരില്‍ കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് എക്കോ ടൂറിസം പദ്ധതി ആരംഭിക്കുകയും അതിന് വലിയ പ്രചാരം നല്‍കുകയും ചെയ്യുന്നത് സ്വാതന്ത്ര്യ സമര സേനാനികളോടും രാജ്യ സ്നേഹികളോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂത്തേടം താളിപ്പാടം മൂന്നാം വാര്‍ഡില്‍ നടന്ന ചടങ്ങളില്‍ ഇ.പി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഇസ്മായീല്‍ മൂത്തേടം, സി.എച്ച് ഇഖ്ബാല്‍ മാസ്റ്റര്‍, ജസ്മല്‍ പുതിയറ, വി.പി അബ്ദുറഹ്മാന്‍, വി.പി റഷീദ്, അഷ്റഫ് പറമ്പന്‍, പി.ജംഷിദ്, ടി.എം. ഫയാസ്, കെ.അലവി കുട്ടി, ഇ.പി മുഹ്‌സിന്‍ എന്നിവര്‍ സംസാരിച്ചു.