പതിനാലുകാരിയുടെ കൊലപാതകത്തിൽ കുറ്റാരോപിതരായി മാസങ്ങളോളം നരകയാതന അനുഭവിച്ച ഒരച്ഛനും അമ്മയും

Crime Keralam News

തിരുവനന്തപുരം : കോവളത്ത് വളർത്തു മകളായ പതിനാല് കാരിയുടെ കൊലപാതകത്തിൽ കുറ്റാരോപിതരായി മാസങ്ങളോളം നരകയാതന അനുഭവിക്കുന്നു ഒരച്ഛനും അമ്മയും .പൊലീസിന്റെ പീഡനത്തെ തുടർന്ന് കൊലപാതക കുറ്റം ഏറ്റെടുക്കേണ്ടി വന്ന ഇവർ ഒരു വർഷത്തോളമായി അനുഭവിക്കുന്നത് സമാനതകളില്ലാത്ത ഒറ്റപ്പെടലാണ്. വെള്ളിയാഴ്ച്ച കോവളത്ത് അയൽവാസിയെ കൊലപ്പെടുത്തിയ അമ്മയും മകനും പിടിയിലായതോടെയാണ് ഒരു വർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ കഥകൾ പുറത്തുവരുന്നതും , ഇവരുടെ നിരപരാധിത്വം തെളിയുന്നതും.

സംഭവം നടന്ന് ഒരു വർഷത്തിനിപ്പുറമാണ് കേസിലെ നിർണായക വഴിത്തിരിവുണ്ടാകുന്നത്. കോവളം സ്വദേശികളായ ആനന്ദൻ ചെട്ട്യാരുടെയും ഗീതയുടേയും വളർത്തുമകൾ (14) കൊല്ലപ്പെടുന്നത് ഒരു വർഷം മുമ്പാണ്.തിരുവനന്തപുരം വിഴിഞ്ഞത് അയൽവാസിയായ വയോധികയെ കൊലപ്പെടുത്തിയ റഫീഖയും മകൻ ഷഫീഖും ചേർന്നാണ് പതിനാലുകാരിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ലോക്കപ്പിലെ ക്രൂര മർദ്ദനം സഹിക്കാനാവാതെ കൊലപാതക കുറ്റം ഏറ്റെടുക്കേണ്ടി വന്നു ഈ അച്ഛനും അമ്മയ്ക്കും. ‘നിങ്ങൾ പറഞ്ഞില്ലെങ്കിൽ, നിങ്ങളുടെ അണ്ണനേയും മക്കളേയുമെല്ലാം അകത്താക്കുമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ആരെയും അകത്താക്കണ്ട സാറെ. എന്നെ അകത്താക്കിയാ മതി. ഞാൻ ഏറ്റെടുത്തോളം. എന്റെ പിള്ളയെ ഞാൻ തന്നെ കൊന്നു സാറെ..ഇങ്ങനെയാണ് ഞാൻ പറഞ്ഞത്’- ഗീത പറയുന്നു. മകളെ കൊലപ്പെടുത്തിയവർ എന്ന് പോലീസും ആവർത്തിച്ച് പറഞ്ഞതോടെ അയൽവാസികൾ പോലും ഒറ്റപ്പെടുത്തി. ജോലിക്ക് പോലും ആരും വിളിക്കാൻ തയ്യാറായില്ല. മകളെ നഷ്ടപ്പെട്ട വേദനയ്‌ക്കൊപ്പം കൊലപാതകികളെന്ന വിളി മാനസീകമായും ശാരീരികമായും ഇരുവരെയും തളർത്തി. ഇതിനിടയിൽ ഗീത ക്യാൻസർ രോഗിയുമായി . ഒരു വർഷത്തിനിപ്പുറം യഥാർത്ഥ സത്യം പുറത്ത് വന്നെങ്കിലും ഇക്കാലമത്രെയും ഞങ്ങൾ ഒരുപാട് അനുഭവിച്ചു എന്നായിരുന്നു ആനന്ദൻ ചെട്ടിയാരും ഗീതയും പറഞ്ഞത് .