പ്രധാനാദ്ധ്യാപകന്റെ അശ്രദ്ധ മൂലം സേ പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമായി ; കുട്ടിയ്ക്ക് ഒറ്റയ്ക്ക് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ ഉത്തരവ്

Education Keralam News

കൊച്ചി: സ്‌കൂളിലെ പ്രധാനാധ്യാപകന്റെ നിരുത്തരവാദിത്തം മൂലം പത്താം ക്ലാസ്സിലെ സേ പരീക്ഷയെഴുതാൻ പറ്റാതിരുന്ന കുട്ടിയ്ക്ക് ഒറ്റയ്ക്ക് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. കണ്ണൂർ ഗവ:ഹയർസെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന എം.മുഹമ്മദ് നിഹാദിന്റെ പിതാവ് നൗഷാദ് മുക്കാലി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ വിധി പറഞ്ഞത്. രണ്ടുമാസത്തിനകം പരീക്ഷ നടത്താനാണ് ഉത്തരവ്.

കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫിസിക്സിന് മാത്രം യോഗ്യതാമാർക്ക് ലഭിക്കാതിരുന്ന മുഹമ്മദ് നിഹാദ് , സേ പരീക്ഷയെഴുതാൻ ഫീസടച്ച് അപേക്ഷ പ്രധാനാധ്യാപകൻ ഏൽപ്പിക്കുകയായിരുന്നു. പക്ഷെ 17 ന് പരീക്ഷയെഴുതാൻ വന്നപ്പോൾ പട്ടികയിൽ പേരുണ്ടായിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രധാനാധ്യാപകൻ അപേക്ഷ കൈമാറാത്തത് കൊണ്ടാണ് അവസരം നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയത്. വിദ്യാഭ്യാസ വകുപ്പിൽ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല.അധ്യായന വർഷം നഷ്ടമാവാതിരിയ്ക്കാൻ വേണ്ടി ഹയർസെക്കന്ററി പ്രവേശനം പൂർത്തിയാവും മുന്നേ മകന് പരീക്ഷയെഴുതാൻ അവസരം നൽകണമെന്ന പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാമെന്നും പക്ഷെ ഒരു കുട്ടിയ്ക്ക് മാത്രമായി പരീക്ഷ നടത്തുന്നത് അപ്രായോഗികമാണെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ തന്റേതല്ലാത്ത കാരണം കൊണ്ട് പരീക്ഷ എഴുതാനാവാത്ത കുട്ടിയ്ക്ക് അവസരം നിഷേധിക്കാൻ പറ്റില്ലെന്നും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ പരീക്ഷ നടത്താനാവുമെന്നും കോടതി നിരീക്ഷിച്ചു.