കോവിഡിനെ പേടിച്ച്‌ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ചു

Crime India News

തമിഴ്‌നാട് : മധുരയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ കോവിഡ് പേടിച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ മരിച്ചു. 23കാരി ജ്യോതികയും മൂന്ന് വയസുകാരന്‍ മകനുമാണ് മരിച്ചത്. യുവതിയുടെ മാതാവും സഹോദരങ്ങളും രക്ഷപെട്ടു.

ജ്യോതികയും മകനും ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസം. ജനുവരി 8ന് ജ്യോതികയ്ക്ക് കോവിഡ് ബാധിച്ചതോടെ ഇതു മറ്റുള്ളവരിലേക്കും പടരുമെന്ന് ഭയന്ന് കുടുംബം മുഴുവനും വിഷം കഴിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസമാണ് അയല്‍ക്കാര്‍ വിവരമറിഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് മൂന്നു പേരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പൊലീസ് എത്തുന്നതിനു മുന്‍പ് തന്നെ ജ്യോതികയും മകനും മരിച്ചിരുന്നു. കോവിഡ് ബാധിച്ചാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.