ധീരജിനെ കുത്തിയത് പന്ത്രണ്ട് പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ

Crime Keralam News

ഇടുക്കി: പന്ത്രണ്ട് പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ധീരജിനെ കുത്തിയതെന്ന് സഹപാഠികൾ പറഞ്ഞു . ധീരജിനെ കുത്തിയ നിഖില്‍ പൈലി രണ്ടുമാസം മുമ്പ് നടന്ന ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നെന്നും കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗവുമായ ടോണി പറഞ്ഞു. കോളേജിന് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ്-കെഎസ്‍യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വന്നിരുന്നു. ക്യാമ്പസിന്‍റെ ഭാഗത്ത് നിന്ന് പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നു . ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസ്കതരായി.

യൂത്ത് കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡന്‍റ് നിഖില്‍ പൈലി പേനാക്കത്തിയുമെടുത്ത് മൂന്നുപേരെ കുത്തി. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കിയില്‍ തന്നെയുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ക്യാമ്പസില്‍ പഠിക്കുന്ന കെഎസ്‍യുവിന്‍റെ ഒരു ഭാരവാഹിയും ആക്രമണത്തില്‍ ഉണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.