മാതാവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ കുരുന്നുകളുടെ
അന്തകനായത് അയല്‍പക്കത്തെ വീടിന്റെ മതില്‍

Breaking Keralam News

മലപ്പുറം: കരിപ്പൂരില്‍ മാതാവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ കുരുന്നുകളുടെ അന്തകനായത് അയല്‍പക്കത്തെ വീടിന്റെ വലിയ മതില്‍. അയല്‍പക്കത്തെ വീടിന്റെ മീറ്ററുകള്‍ പൊക്കത്തിലുള്ള മതില്‍ ചോനാരി മുഹമ്മദ് കുട്ടിയുടെപതിറ്റാണ്ടുകള്‍ പഴക്കമുള്ള വീടിനു മുകളിലേക്ക് മറിഞ്ഞാണ് മുഹമ്മദ് കുട്ടിയുടെ പേരമക്കളായ എട്ടുവയസ്സുകാരി റിസ്വാന, ഏഴുമാസം പ്രായമുള്ള റിന്‍സാന എന്നിവര്‍ മരണമടഞ്ഞത് .
മുഹമ്മദ് കുട്ടിയുടെ മകളായ സുമയ്യയുടെ കുട്ടികളായിരുന്നു ഈ കുരുന്നുകള്‍. പള്ളിക്കല്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കാടപ്പടിക്കു സമീപം മാതാംകുളം മുണ്ടോട്ടപ്പുറം ചോനാരി മുഹമ്മദ് കുട്ടിയുടെ വീടിനു മുകള്‍ഭാഗത്തുള്ള മതിലാണ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വീടിനു മുകളിലേക്ക് ഇടിഞ്ഞു വീണത്.

വീട് പണി നടന്നു കൊണ്ടിരിക്കുന്ന ഇവരുടെ അയല്‍വാസിയുടെ വലിയ മതില്‍ കുഞ്ഞുങ്ങള്‍ ഉറങ്ങി കിടന്നിരുന്ന റൂമിനു മുകളിലേക്കാണ് ഇടിഞ്ഞു വീണത് വീട്ടിലുള്ള വലിയവര്‍ പുലര്‍ച്ചെ പ്രഭാത പ്രാര്‍ഥനക്കും മറ്റുമായി നേരത്തെ എഴുന്നേറ്റതിനാലാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അപകടത്തില്‍ മുഹമ്മദ് കുട്ടിയുടെവീട് താമസിക്കാന്‍ പറ്റാത്ത വിധം തകര്‍ന്നിട്ടുണ്ട് പുലര്‍ച്ചെ വീട്ടിലുള്ളവരുടെ കൂട്ട നിലവിളി കേട്ടെത്തിയ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല കുട്ടികളുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍
പണിതുകൊണ്ടിരിക്കുന്ന വീട് തകര്‍ന്ന് മണ്ണും കല്ലും മറ്റു പതിച്ചാണ് വീട് തകര്‍ന്ന് കുട്ടികള്‍ മരിച്ചത്. വീട്ടിലെ മറ്റ് അംഗങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.