ജോർദാനിൽ പാർലമെന്റിൽ പൊരിഞ്ഞ തല്ല്

International News

ജോർദാൻ : വിവാദമായ ഭരണഘടനാ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കുകയായിരുന്നു ജോര്‍ദാൻ പാര്‍ലമെന്‍റില്‍. എന്നാല്‍, പ്രശ്‌നം ചര്‍ച്ച ചെയ്‍ത് പരിഹരിക്കാനാവാതെ വന്നപ്പോള്‍ നിയമനിർമ്മാതാക്കൾ കായികമായി ഏറ്റുമുട്ടി തുല്യാവകാശങ്ങളെക്കുറിച്ചുള്ള ഭരണഘടനാ വിഭാഗത്തിൽ ജോർദാൻ പൗരന്റെ സ്ത്രീനാമം ചേർക്കുന്ന ഭേദഗതിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് തർക്കം ഉണ്ടായത് . ഒരുകൂട്ടം എംപിമാർ വാക്കുതർക്കത്തിൽ ഏർപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ഹൗസ് സ്പീക്കർ അബ്ദുൾ കരീം ദുഗ്മിയും ഡെപ്യൂട്ടി, സുലൈമാൻ അബു യഹ്‌യയും പരസ്പരം ഏറ്റുമുട്ടി . ദുഗ്മിക്ക് കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവില്ല എന്നാണ് യഹ്‍യ ആരോപിച്ചത്.

‘ജോർദാൻ പൗരനെ’ ചൊല്ലിയുള്ള വഴക്കിനിടെ സെഷൻ നിയന്ത്രണാതീതമായതോടെ, പാർലമെന്‍റില്‍ ഏറ്റവും കൂടുതൽ കാലം നിയമനിർമ്മാതാവായിരിക്കുന്ന ദുഗ്മിക്ക് സെഷൻ 30 മിനിറ്റ് നേരത്തേക്ക് നിർത്തിവയ്ക്കേണ്ടി വന്നു . ഭരണഘടനാ ഭേദഗതികളെക്കുറിച്ചുള്ള ചർച്ചയോടെയാണ് ചൊവ്വാഴ്ചത്തെ സെഷൻ ആരംഭിച്ചത്. പിന്നാലെ അപ്രതീക്ഷിത രംഗങ്ങളും. ജോർദാനികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള ഭരണഘടനയുടെ രണ്ടാം അധ്യായത്തിന്റെ തലക്കെട്ടിൽ ‘സ്ത്രീ ജോർദാനികൾ’ എന്ന പദം ചേർക്കുകയായിരുന്നു.