കനത്ത മഴ; ഉരുൾപൊട്ടൽ ഭീക്ഷണിയിൽ ഇടുക്കി മലയോരമേഖല

Keralam News

കേരളത്തിലെ കനത്ത മഴ മൂലം ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ ഇടുക്കി ഹൈറേഞ്ചിലെ മലയോരമേഖലകള്‍. ലോ റെയ്ഞ്ചില്‍ അടക്കം നിർത്താതെ മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലയില്‍ കനത്ത ജാഗ്രതയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ മലയിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കുവാന്‍ വില്ലേജ് ഓഫീസര്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. മഴയോടൊപ്പം വന്ന കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വ്യാപകമായ കൃഷിനാശവും ഉടുമ്ബന്‍ഞ്ചോലയില്‍ ഒരു വീട് ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്.

മൂന്നാര്‍ സര്‍ക്കാര്‍ കോളജിന് സമീപവും,പൊലീസ് ക്യാന്‍റീനിനു സമീപവും മൂന്നാര്‍ മറയൂരിലെ റോഡിലുമായുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഈ വഴിയിലെ ഗതാഗതം തടസപ്പെട്ടു. മൂന്നാറിലേക്കുള്ള വാഹനങ്ങള്‍ ഇപ്പോൾ പഴയ മൂന്നാര്‍ ബൈപ്പാസു വഴിയാണ് പോകുന്നത്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെ ജില്ലയില്‍ രണ്ടു ദിവസത്തേക്ക് രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

നിർത്താതെ മഴ പെയ്യുന്നതിനാൽ മലങ്കര, കല്ലാര്‍കുട്ടി, പാമ്ബ്‌ല ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ട് പോവുന്നതിനാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ പേടിക്കണ്ട എന്നാണ് നിഗമനം.