തിരക്കേറുന്നു; ബാറുകളുടെ പ്രവര്‍ത്തന സമയം ഉയർത്തി സർക്കാർ

Keralam News

സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഉയർത്തി പുതിയ സർക്കാർ ഉത്തരവ്. ഇതനുസരിച്ചു തിങ്കളാഴ്ച്ച മുതല്‍ ബാറുകള്‍ രാവിലെ 9 മണിക്ക് തുറക്കാം. എന്നാൽ പുതിയ ഉത്തരവ് പ്രകാരവും ബാറുകളിൽ പാഴ്‌സലായി മാത്രമേ മദ്യ വിതരണം ചെയ്യാവൂ.

ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ നിലവിൽ 9 മുതല്‍ 7 വരെ എന്ന സമയക്രമത്തിലാണ് പ്രവർത്തിച്ചിരുന്നതെങ്കിലും ബാറുകൾ രാവിലെ 11 മുതല്‍ രാത്രി 7 എന്ന ക്രമത്തിലായിരുന്നു. പ്രവർത്തന സമയം കൂട്ടുന്നതോടെ ബിവറേജിലെ തിരക്ക് കുറഞ്ഞേക്കാമെന്നാണ് എക്‌സൈസ് വകുപ്പ് വിചാരിക്കുന്നത്.

മദ്യശാലയ്ക്ക് മുന്നിൽ വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നതിൽ, ഹൈക്കോടതി ആശങ്ക അറിയിച്ചിരുന്നു. ഫോട്ടോകളുടെയും വിഡിയോകളുടെയും അടിസ്ഥാനത്തിൽ കൊവിഡ് സാഹചര്യത്തിൽ ഇങ്ങനെ ആള്‍കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ തീരുമാനം.

തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും, മദ്യം വാങ്ങാൻ വരുന്നവരെ ഒരു മീറ്റര്‍ അകലം പാലിച്ച് നിര്‍ത്താന്‍ വേണ്ട നടപടികൾ എടുക്കുമെന്നും സര്‍ക്കാര്‍ കോടതിയോട് മറുപടിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്യശാലകള്‍ക്ക് മുന്നിലെ ആൾക്കൂട്ടം ഒഴിവാക്കാൻ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയത്.