ബാലരാമപുരത്ത് കിണ‍ർ ഇടിഞ്ഞുതാണു, നാല് പേ‍ർ അത്ഭുതകരമായി രക്ഷപ്പെട്ടു

Keralam News

തിരുവനന്തപുരം: ബാലരാമപുരത്ത് പുല്ലൈകോണം, പരുത്തിമഠം റോഡിലെ സ്പിന്നിംഗ് മില്ലിന്റെ കിണര്‍ ഇടിഞ്ഞ് വീണു . കിണറില്‍ മോട്ടോര്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന നാല്‌പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച ഉച്ചക്ക് സ്പിന്നിംഗ്മില്ലിന്റെ കിണറില്‍ മോട്ടോര്‍ തകരാ‍‍ർ പരിഹരിക്കുന്നതിനായി നാല് ജോലിക്കാര്‍ നില്‍ക്കുമ്പോഴാണ് വലിയ ശബ്ദത്തില്‍ കിണര്‍ ഇടിഞ്ഞ് വീണത് .

കിണറിന്റെ വശങ്ങള്‍ ഇടിഞ്ഞ് താഴുന്നതോടെ റോഡ് അപകടവസ്ഥയിലായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും സംഘവുമെത്തി. ജെസിബി വരുത്തി ഇടിഞ്ഞ് താണ റോഡിന്റെ അടിവശം പൂര്‍ണമായും മണ്ണുമാന്തി അപകടം ഓഴിവാക്കാനുള്ള നടപടി പഞ്ചായത്ത് പ്രസിഡന്റ് മോഹനന്റെ നേതൃത്വത്തില്‍ നടത്തി. മണ്ണ് നീക്കം ചെയ്‌തോടെ കിണറിന്റെ വശങ്ങള്‍ ഇടിഞ്ഞ് താഴുന്നതിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തി . നാട്ടുകാരുടെ നേതൃത്വത്തില്‍ കിണറിന് ചുറ്റും കയര്‍ കെട്ടി സംരക്ഷണമൊരുക്കി. കിണറിന് സമീപത്തെ വീടും അപകട സാധ്യതയിലാണ്. കിണറിനരികിലെ ചുറ്റുവശങ്ങളിലെ സ്ഥലങ്ങളും ഇടിഞ്ഞ് കൊണ്ടിരിക്കുന്നതും ആശങ്കക്കിടയാക്കുന്നുണ്ട്. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.