അത്ഭുത പ്രതിഭാസമായി കല്ലുമഴ: പുറത്തിറങ്ങാൻ ഭയന്ന് രണ്ടു കുടുംബങ്ങൾ

Keralam News

കട്ടപ്പന: ഒരുമാസത്തോളമായി കല്ലുമഴയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ രണ്ടു കുടുംബങ്ങൾ. വളകോട് പുളിങ്കട്ടയിലെ രണ്ടു കുടുംബങ്ങൾക്കാണ് ഈ സ്ഥിതി വന്നിരിക്കുന്നത്. അവരുടെ തന്നെ പുരയിടങ്ങളിൽ നിന്നും ചെറിയ കല്ലുകൾ ഉയർന്നു പൊങ്ങി വീടുകളുടെ മുകളിലേക്ക് വീഴുകയാണ്. ഏകദേശം ഒരു മാസത്തോളമായി ഈ അത്ഭുത പ്രതിഭാസം നടക്കാൻ തുടങ്ങിയിട്ട്.

കല്ലുമഴ പ്രതിഭാസം നേരിട്ടത് പാറവിളയിൽ സെൽവരാജിന്റെയും മരുമകൻ സുരേഷിന്റെയും വീടുകളിലാണ്. ഭൂമിയുടെ ഉപരിതലത്തിൽ നിന്നുമാണ് വീടിനും മുകളിലേക്ക് കല്ലുകൾ തെറിച്ചു വീഴുന്നത്. കഴിഞ്ഞ രണ്ടാം തിയതിമുതലായിരുന്നു കല്ലുമഴ വീണു തുടങ്ങിയത്. ആദ്യമെല്ലാം രാത്രികളിൽ മാത്രമായിരുന്നു വീടിനുമുകളിൽ കല്ല് വീണുകൊണ്ടിരുന്നത്. ആരോ വീടിനു കല്ലെറിയുകയാണെന്നു കരുതി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ പരിശോധയ്‌ക്കെത്തിയ പോലീസുകാരെയും അത്ഭുതപ്പെടുത്തുകയായിരുന്നു ഈ കല്ലുമഴ. ഇപ്പോൾ പകൽ സമയങ്ങളും കല്ലുമഴയാണ്. മാത്രമല്ല പണ്ടത്തേക്കാളും ശക്തമായാണ് കല്ലുകൾ വീഴുന്നത്. വീടിന്റെ ഷീറ്റുകളെല്ലാം പൊട്ടിയ സ്ഥിതിയിലാണ്. ആറു കുട്ടികളടങ്ങുന്ന ഈ രണ്ടു കുടുംബങ്ങളും ഇപ്പോൾ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തന്നെ ഭയപ്പെടുകയാണ്.

ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത് ഇത് ഭൂമിക്കുള്ളിലെ ജലസമ്മർദം കാരണം ഉണ്ടാവുന്നതാണെന്നാണ്. ജിയോളജിസ്റ്റിനോട് തിങ്കളാഴ്ച്ച പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പറഞ്ഞിട്ടുണ്ട്. ഭൗമശാസ്ത്ര സംഘം തിങ്കളാഴ്ച സ്ഥലം സന്ദർശിക്കാൻ എത്തും. ഒരുപാട് ആളുകളാണ് കല്ലുമഴ കാണുന്നതിനായി അവിടെ എത്തുന്നത്.