കൊരട്ടിയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചിട്ടും പിടികൂടാനായില്ല

Local News

തൃശ്ശൂര്‍: കൊരട്ടിയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ പിടികൂടാനായില്ല. മയക്കുവെടി വച്ചതിന് പിന്നാലെ കാട്ടുപോത്ത് സർക്കാർ പ്രസ് വളപ്പിലെ കാട്ടിലേക്ക് കയറിപ്പോയി. പോത്തിനെ പിടികൂടിയാൽ ആനക്കയം വനാതിര്‍ത്തിയില്‍ തുറന്ന് വിടുമെന്ന് വനം വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച്ച രാവിലെയാണ് കാട്ടുപോത്ത് നാട്ടിലിറങ്ങിയത്. ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടുപോത്ത് എത്തിയതോടെ നാട്ടുകാർ പരിഭ്രാന്തരായി.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. ഇടുക്കി വൈല്‍ഡ് ലൈഫ് ഫോറസ്റ്റ് ഓഫീസര്‍ ഡോ. അനുരാജാണ് മയക്കുവെടി വെച്ചത്. പിന്നീട് കാട്ടുപോത്ത് കോനൂര്‍ റോഡിലേക്ക് വിരണ്ടോടി . വൈകിട്ടോടെ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രസ് വളപ്പിലേക്ക് കാട്ടുപോത്ത് കയറി. പ്രസ് വളപ്പിലെ ക്വാട്ടേഴ്‌സിന് സമീപമുളള വനപ്രദേശത്തേക്കാണ് കാട്ടുപോത്ത് കയറിയത്. മണിക്കൂറുകള്‍ക്ക് ശേഷവും കാട്ടുപോത്തിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് കാട്ടുപോത്തിനെ പിടികൂടാനുള്ള ശ്രമം തുടങ്ങി.