കേക്കില്‍ വിസ്മയം തീര്‍ത്ത് മഷ്ബൂബ

Feature Food & Travel Interview News

നസ്‌റീന തങ്കയത്തില്‍

മലപ്പുറം: പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മങ്കടവ് 2005 -ലെ എസ്.എസ്.എല്‍.സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കുമ്പോള്‍ മറന്നുതുടങ്ങിയ സൗഹൃദങ്ങളും ഓര്‍മ്മകളും വീണ്ടെടുക്കാമെന്ന ആഹ്ലാദത്തിലായിരുന്നു എല്ലാവരും. പക്ഷെ മഷ്ബൂബയ്ക്ക് ആ സൗഹൃദ കിസ്സ സമ്മാനിച്ചത് പുതിയൊരു തുടക്കമായിരുന്നു. ചെറിയ രീതിയിലൊക്കെ കേക്കുകള്‍ ഉണ്ടാക്കിയിരുന്ന മഷ്ബൂബ അന്നത്തെ സൗഹൃദ കൂട്ടായ്മയിലേക്ക് കൊണ്ടുവന്നത് ആദ്യമായി വലിയ രീതിയില്‍ ചെയ്ത കേക്ക് ആയിരുന്നു. പക്ഷെ ആ കേക്ക് കഴിച്ചവരൊക്കെ അതിന്റെ രുചിയില്‍ വീണു. മഷ്ബൂബയും കേക്കും അന്ന് താരമായി. അക്കഥ പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും ഒരുപാട് പേര്‍ കേക്കിന്റെ രുചി അടുത്തറിയാന്‍ എത്തിക്കൊണ്ടിരുന്നു. അവിടം മുതല്‍ മശ്ഹൂബ എന്ന സംരഭകയും ‘ബ്ലൂ ബോ കേക്ക്‌സ്’ എന്ന ബ്രാന്റും പിറന്നു വീഴുകയായിരുന്നു.

ആദ്യത്തെ വരുമാനം

പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തായിരുന്നു മഷ്ബൂബയുടെ വിവാഹം. ഒരു വര്‍ഷമായപ്പോഴേക്കും ആദ്യത്തെ മോളുണ്ടായി. പഠനം തുടരാനുള്ള മാര്‍ക്കൊക്കെ ഉണ്ടായിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ല. വെറുതെയിരുന്ന് മടുത്തപ്പോള്‍ ഫാഷന്‍ ഡിസൈന്‍ കോഴ്‌സ് ചെയ്താലോയെന്ന ചിന്ത മനസ്സില്‍ കേറി. ആദ്യം തൊട്ടേ അങ്ങനെയൊരു ഇഷ്ടവും പാഷനും ഉള്ളതുകൊണ്ട് ആറു മാസത്തെ കോഴ്സിന് ചേര്‍ന്നു. കുഞ്ഞിനെ വീട്ടിലാക്കി രണ്ട് മണിക്കൂറുള്ള ക്ലാസ്സില്‍ പോയി വന്നു. കൂടെത്തന്നെ ടൈലറിംഗും സ്റ്റിച്ചിങ്ങും പഠിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം വീട്ടില്‍ നിന്നുകൊണ്ട് തന്നെ മഷ്ബൂബ ഡ്രസ്സ് സ്റ്റിച്ച് ചെയ്തും ഡിസൈന്‍ ചെയ്തും കൊടുക്കാന്‍ തുടങ്ങി. ആദ്യമായി വരുമാനം കിട്ടിത്തുടങ്ങിയത് അപ്പോഴായിരുന്നു.

ഹിസാസ് ഗ്യാലറി’ യുടെ തുടക്കം

പാചകത്തോടും വലിയ ഇഷ്ടമായിരുന്നെങ്കിലും കല്യാണം കഴിഞ്ഞ ശേഷം കൂട്ടുകുടുംബത്തിലായതുകൊണ്ടുതന്നെ വെറൈറ്റികള്‍ പരീക്ഷിക്കാനുള്ള അവസരമൊന്നും മഷ്ബൂബയ്ക്ക് ഇല്ലായിരുന്നു. കല്യാണം കഴിഞ്ഞ് പത്തുകൊല്ലം കഴിഞ്ഞപ്പോള്‍ മഷ്ബൂബയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറി. പാചകം സ്വന്തമായി ചെയ്യാനുള്ള അവസരം ഒത്തുവന്നത് അപ്പോഴാണ്. എല്ലാത്തരം വിഭവങ്ങളും തയ്യാറാക്കി നോക്കി. കൂട്ടത്തില്‍ കേക്കും പരീക്ഷിച്ചു. ഭക്ഷണം കഴിച്ചവരൊക്കെ രുചി അസാധ്യമെന്ന കോംപ്ലിമെന്റ് നല്‍കിയപ്പോള്‍ എന്തുകൊണ്ട് പാചകമൊരു വരുമാന മാര്‍ഗ്ഗമാക്കിക്കൂടായെന്ന ചിന്ത വന്നു. അങ്ങനെ അവസരം തേടിയാണ് സോഷ്യല്‍ മീഡിയയിലേക്ക് കടന്നത്. ഇടയ്ക്ക് ‘ഹിസാസ് ഗ്യാലറി’ എന്ന പേരില്‍ യൂട്യൂബില്‍ ചാനല്‍ തുടങ്ങി. അതില്‍ പലതരം കുക്കിങ് റെസിപ്പീസ് അപ്പ് ലോഡ് ചെയ്തു തുടങ്ങി.

60കിലോ തൂക്കംവരുന്ന കേക്കുമായി മഷ്ബൂബയും സുഹൃത്തുക്കളും

വൈറലായ 60 കിലോയുടെ ഭീമന്‍ കേക്ക്

അപ്പോഴും കേക്ക് ബിസിനസായി വളര്‍ന്നിരുന്നില്ല. ചുറ്റുവട്ടത്തുള്ളവര്‍ക്കൊക്കെ വിശേഷദിവസങ്ങളില്‍ കേക്ക് ഉണ്ടാക്കികൊടുക്കുക മാത്രമാണ് ചെയ്തിരുന്നത്. ഇടയ്ക്ക് ഓര്‍ഡറുകള്‍ കിട്ടുമെങ്കിലും അതൊരു വരുമാന മാര്‍ഗമായി വിപുലീകരിച്ചിരുന്നില്ല അന്ന്.
അങ്ങനെയിരിക്കുമ്പോഴാണ് സൗഹൃദ കിസ്സ 2കെ19 സംഭവിക്കുന്നത്. അതിനു ശേഷം വന്ന വലിയൊരു ഓര്‍ഡറാണ് ശരിക്കും പറഞ്ഞാല്‍ ജീവിതം മാറ്റിമറിക്കുന്നത്. മോള് പഠിക്കുന്ന സ്‌കൂളിലേക്ക് ക്രിസ്മസ് പ്രമാണിച്ചുള്ള ആഘോഷ പരിപാടിയിലേക്ക് കേക്ക് ഉണ്ടാക്കി നല്‍കണമെന്നതായിരുന്നു ആ വലിയ ഓര്‍ഡര്‍. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വേണ്ടിയിട്ടുള്ള കേക്ക് ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണെന്ന് മഷ്ബൂബ പറഞ്ഞെങ്കിലും സ്‌കൂള്‍ അധികൃതര്‍ വിടാന്‍ തയ്യാറായില്ല. ബേക്കിങ് അറിയുന്ന ഒരെട്ടു രക്ഷിതാക്കളെ അവര്‍ സഹായത്തിന് നല്‍കി. അങ്ങനെ മഷ്ബൂബയുടെ നേതൃത്വത്തില്‍ അറുപത് കിലോ ഭീമന്‍ കേക്ക് ഉണ്ടാക്കി. അതും വിജയിച്ചു. രുചിയും വലുപ്പവും കൊണ്ട് ആ കേക്ക് വൈറലാവുകയും ചെയ്തു.

അവിടെ നിന്ന് പിന്നിങ്ങോട്ട് മഷ്ബൂബയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തന്റെ ലൈഫ് കേക്കിന്റെ കൂടെയാണ് എന്നുറപ്പിച്ചതപ്പോഴാണ്. അങ്ങനെ സ്റ്റിച്ചിങ്ങില്‍ നിന്നും കുറച്ച് പിറകോട്ട് മാറി കൂടുതല്‍ ശ്രദ്ധ ബേക്കിങ്ങിന് കൊടുത്തു. കൂടുതല്‍ പ്രൊഫഷണലായി ചെയ്യാന്‍ വേണ്ടി ഒരു കോഴ്സിന് ചേരുകയും അതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ കൂടുതല്‍ പ്രൊഫഷണലായി മികവോടുകൂടി ചെയ്യുന്ന മഷ്ബൂബയ്ക്ക് ബേക്കിങ് ഒരു സ്ഥിര വരുമാനമുള്ള തൊഴില്‍ കൂടിയാണ് .

കൊറോണാകാലവും മെറ്റേര്‍ണിറ്റി കിറ്റും

കൊറോണ പിടിമുറക്കിയതോടെ ഓണ്‍ലൈന്‍ ക്ലാസ് തകൃതിയായി നടന്നു. മക്കള്‍ക്ക് ഫോണ്‍ അത്യാവശ്യമായിരുന്നതുകൊണ്ട് തന്നെ യൂട്യൂബില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു. എല്ലാര്‍ക്കും ദുരിതം പിടിച്ച കാലത്ത് പുതിയ റെസിപ്പി ഇടുന്നതിലെ അനൗചിത്യവും ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. പക്ഷെ സ്റ്റിച്ചിങ് എല്ലാ കാലത്തും കൂടെയുണ്ടായിരുന്നതുകൊണ്ടുതന്നെ അതില്‍ തന്നെയുള്ള വിപണന സാധ്യതകളെ കുറിച്ച് ആലോചിച്ചു. അങ്ങനെയാണ് ക്രാഡില്‍ ക്ലോത്ത് വെച്ചുള്ള മെറ്റേര്‍ണിറ്റി കിറ്റ് എന്ന ആശയത്തിലേക്ക് എത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഷോപ്പിലേക്ക് ഒന്നും പോകാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നത് കൊണ്ട് തന്നെ മെറ്റേര്‍ണിറ്റി കിറ്റിന് ആവശ്യക്കാരേറി. ആ ബിസിനസും ഇതിനിടയില്‍ കൊണ്ടുപോവുന്നുണ്ട്. ഇപ്പോള്‍ കുറച്ചൂടെ വിപുലമാക്കി ആവശ്യതയനുസരിച്ച് 5000 -10000 രൂപയുടെ മെറ്റേര്‍ണിറ്റി കിറ്റ് വരെ ചെയ്തുകൊടുക്കാറുണ്ട്. യൂട്യൂബ് ചാനല്‍ വഴിയാണ് കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടുന്നത്. തിരുവനന്തപുരം , കോഴിക്കോട് , കൊച്ചി, കണ്ണൂര്‍ തുടങ്ങിയ ഭാഗത്തുനിന്ന് കുറെ കസ്റ്റമേഴ്‌സ് ഉണ്ട്.

കുടുംബമാണ് എല്ലാം , കൂട്ടുകാരും

മലപ്പുറം കോഡൂറാണ് മഷ്ബൂബയുടെ സ്വദേശം. സ്വന്തമായി റേഷന്‍ കട നടത്തുന്ന ഭര്‍ത്താവ് മുജീബ് റഹ്മാനും നഹദ , നഷ്‌വ, ഹിസ എന്നീ മൂന്ന് പെണ്‍കുഞ്ഞുങ്ങളുമടങ്ങുന്നതാണ് മശ്ഹൂബയുടെ ലോകം. വെറുമൊരു വീട്ടമ്മയായി ഒതുങ്ങാനുള്ള എല്ലാ സാഹചര്യമുണ്ടായിട്ടും, പത്താം ക്ലാസ് യോഗ്യത മാത്രമുണ്ടായിട്ടും, ഇക്കാണുന്ന തരത്തില്‍ തിരക്കുള്ള , ജോലിയുള്ള ഒരാളാക്കി മാറ്റിയത് തന്റെ ഭര്‍ത്താവ് തന്നെയാണെന്നതില്‍ മഷ്ബൂബയ്ക്ക് യാതൊരു സംശയവുമില്ല. ‘ബ്ലൂ ബോ കേക്ക്‌സി’ന്റെ കസ്റ്റമേഴ്‌സില്‍ കൂടുതലും പത്താംക്ലാസിലെ ക്ലാസ്സ്മേറ്റ്‌സ് ആണ്. അവര്‍ തരുന്ന പോസിറ്റിവിറ്റി തന്നെയാണ് മഷ്ബൂബയുടെ കരുത്ത്. യൂട്യൂബിലെയും ഇന്‍സ്റ്റയിലെയും വീഡിയോകള്‍ കണ്ടിട്ടും നിരവധി ആവശ്യക്കാര്‍ വരാറുണ്ട്. അവരും കൂടി ചേര്‍ന്നതാണ് മഷ്ബൂബയുടെ സന്തോഷം. ഇപ്പോള്‍ താന്‍ നേരിട്ടുകാണാത്ത നിരവധിപേരുടെ പിന്തുണ ലഭിക്കുന്നതും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. മക്കളും അവരെക്കൊണ്ട് പറ്റുന്ന രീതിയിലൊക്കെ സഹായിക്കാറുണ്ട്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന മൂത്തമോളാണ് ബേക്കിങ് ഏറെക്കുറെ ചെയ്യുന്നത്. ഭര്‍ത്താവിന്റെ സപ്പോര്‍ട്ടും മക്കളുടെ സഹകരണവും കൂട്ടുകാരുടെ കരുതലുമാണ് മഷ്ബൂബയുടെ , ‘ബ്‌ളൂ ബോ’ എന്ന ബ്രാന്റിന്റെ, രുചിയുടെ വിജയം.

അര്‍ഹതയ്ക്കുള്ള അംഗീകാരങ്ങള്‍

യൂട്യൂബ് മീറ്റപ്പുകളില്‍ വിളിക്കപ്പെടുകയും ചടങ്ങുകളില്‍ ആദരിക്കപ്പെടുകയും ചെയ്യുന്ന സന്തോഷം കൂടിയുണ്ട് ഇപ്പോള്‍. സില്‍വാന്‍ ഗ്രൂപ്പിന്റെ എം.ഡി മുസ്തഫയില്‍ നിന്ന് ഉപഹാരം വാങ്ങുമ്പോഴും ഷി ക്രിയേറ്റേഴ്‌സ് എന്ന വനിതാ യൂട്യൂബ് താരങ്ങളുടെ സംഘടനയുടെഅഡ്മിന്‍ റംഷാദില്‍ നിന്ന് അംഗീകാരം സ്വീകരിക്കുമ്പോഴും നിറഞ്ഞ അഭിമാനമാണ് മഷ്ബൂബയ്ക്ക്.
നിമിത്തങ്ങളല്ല , കഠിനാധ്വാനമാണ് ഒരാളെ വിജയിയാക്കുന്നതെന്ന് ഉറപ്പ്. ആത്മവിശ്വാസവും കഴിവും അതുപയോഗപ്പെടുത്താനുള്ള അവസരങ്ങളും ഒത്തുചേരുമ്പോള്‍ ജീവിതം അടിപൊളിയാക്കാമെന്നതിന് ഉദാഹരണമായി മഷ്ബൂബ നമുക്ക് മുന്നിലുണ്ട്.

മഷ്ബൂബയുടെ യൂട്യൂബ് ചാനല്‍ ലിങ്ക്‌ https://youtube.com/channel/UCKCZWiX28ptM2Rbg46EXaTA

ഇന്‍സ്റ്റഗ്രാം പേജ്‌ ലിങ്ക്‌ https://www.instagram.com/invites/contact/?i=990gft9eitkg&utm_content=k35swis