ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ
അവധിയിലുള്ള പൊലീസുകാരെ തിരിച്ചു വിളിച്ച് ഡിജിപി

Crime Keralam News

തിരുവനന്തപുരം: മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് റാലികൾക്കും അനൗൺസ്മെൻ്റിനും നിയന്ത്രണം ഏ‍ർപ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവിയാണ് നി‍ർദേശം നൽകിയത്. ആലപ്പുഴയിലെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി ജാ​ഗ്രത പുലർത്താൻ ഡിജിപി നി‍ർദേശം നൽകിയത് . അവധിയിൽ പോയ എല്ലാ പൊലീസ് ഉദ്യോ​ഗസ്ഥരോടും അടിയന്തരമായി ഡ്യൂട്ടിയിൽ തിരിച്ചു കയറാൻ ആവശ്യപ്പെട്ടു. എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളിലുണ്ടാകണമെന്നും ഡിജിപി കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സംഘർഷസാധ്യതമേഖലകളിലെല്ലാം വാഹനപരിശോധന കർശനമാക്കും. ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്തും. ഇരട്ടകൊലപാതകങ്ങളിൽ ഇൻ്റലിജൻസ് വീഴ്ചയുണ്ടായതായി പറയാനാവില്ലെന്നും പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു. അതേസമയം തന്നെ ഇരട്ടകൊലപാതകങ്ങൾ തടയുന്നതിൽ പൊലീസ് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അനിൽ കാന്ത് ഇന്നലെ പറഞ്ഞിരുന്നു. ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡിജിപിയുടെ നിർദേശപ്രകാരം ഐജി ഹർഷിത അത്തല്ലൂരി ആലപ്പുഴയിൽ എത്തിയിട്ടുണ്ട്. ഇരട്ടക്കൊലയിലെ തുടരന്വേഷണവും ക്രമസമാധാനം ഉറപ്പുമാക്കാനുള്ള നടപടികൾ ഐജി നേരിട്ട് മേൽനോട്ടം വഹിക്കും.