അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൂര്‍ണമായി പൊളിച്ചുനീക്കി

Breaking Crime Keralam News Politics

മലപ്പുറം: കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചു നീക്കി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 1,47000 രൂപയുടെ ടെന്‍ഡര്‍ വിളിച്ച് 11ന് പൊളിക്കാന്‍ തുടങ്ങിയത്. തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ച റോപ് വെയുടെ മൂന്നു ടവറുകളും പൊളിച്ചുനീക്കിക്കഴിഞ്ഞു. ടവറുകള്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് അടിത്തറ നാളെ പൊളിക്കും. പൊളിക്കല്‍ നടപടി വിലയിരുത്താന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് സി.ജിഷയും പഞ്ചായത്ത് അധികൃതരും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു.
പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വെ പൊളിച്ചത്.
റോപ് വെ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന സി.കെ അബ്ദുല്‍ലത്തീഫിന്റെ അപ്പീല്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സ്റ്റേ നല്‍കിയിരുന്നില്ല. ഇതോടെയാണ് നിശ്ചയിച്ച സമയപരിധിക്കകം തന്നെ റോപ് വെ പൊളിക്കല്‍ പൂര്‍ത്തിയാകുന്നത്. കേസില്‍ പരാതിക്കാരന്റെയും എതിര്‍കക്ഷികളുടെയും വാദം കേള്‍ക്കാതെ സ്റ്റേ നല്‍കാനാവില്ലെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ചത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍, പരാതിക്കാരന്‍ എം.പി വിനോദ് എന്നിവര്‍ക്ക് പ്രത്യേക ദുതന്‍ വഴി നോട്ടീസ് കൈമാറാന്‍ ഉത്തരവിട്ട കോടതി കേസ് 22ന് പരിഗണിക്കും. അതിനു മുമ്പുതന്നെ റോപ് വെയുടെ കോണ്‍ക്രീറ്റ് അടിത്തറയും പൊളിച്ചുനീക്കും.
റോപ് വെ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന എം.എല്‍.എയുടെ രണ്ടാം ഭാര്യയുടെ പിതാവിന്റെ ഹരജി നേരത്തെ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് തള്ളിയിരുന്നു. റോപ് വെക്ക് പുറമെ തടയണക്ക് സമീപം ബോട്ടുജെട്ടിക്കായുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.