സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഒന്നിച്ച് അണിനിരക്കണം – ഇസ്മായിൽ മൂത്തേടം

India Keralam Local News Politics

മലപ്പുറം : സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരായി സഹകാരികളും ബഹുജനങ്ങളും ഒന്നിച്ച് അണിനിരക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അഭിപ്രായപ്പെട്ടു. മലപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ 2022 ലെ കലണ്ടർ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും സഹകരണ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരായി ശക്തമായ ഇടപെടലുകൾ നടത്താൻ സംസ്ഥാന ഗവണ്മെന്റ് മുന്നോട്ട് വരണമെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ ജനകീയവും വിപുലവുമായ കേരളത്തിലെ കാർഷിക സഹകരണ സംഘങ്ങൾ തകർക്കാനുള്ള നീക്കത്തിനെതിരെ പോരാട്ടത്തിന് ഒറ്റക്കെട്ടായി നമ്മൾ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

റിസർവ് ബാങ്ക് കേന്ദ്ര ഗവണ്മെന്റിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നത് ദൗർഭാഗ്യകരമായ അവസ്ഥയാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക കാർഷിക മേഖലകളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്താൻ സാധാരണക്കാരുടെ ജീവിതവുമായി അടുത്ത് നിൽക്കുന്ന സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള ബാധ്യത ഓരോ മലയാളികൾക്കുമുണ്ടെന്ന് ഇസ്മായിൽ മൂത്തേടം ഓർമ്മിപ്പിച്ചു.

ബാങ്ക് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.പി ഹനീഫ മാസ്റ്റർ, സെക്രട്ടറി എ. മുംതസ് , ഡയറക്ടർമാരായ കെ.പി. അഷ്‌റഫ് , സമദ് സീമാടൻ , നൗഷാദ് മുരിങ്ങേക്കൽ, ഖലീൽ കളപ്പാടൻ,സി.കെ ഫൈസൽ, റഹീം മച്ചിൽ, കെ.കെ രവീന്ദ്രൻ , കെ. സുഹറാബി, പി.കെ സീനത്ത്, കെ. ഫൗസിയ, ചീഫ് അക്കൗണ്ടന്റ് റഹീം മന്നയിൽ, ബാങ്ക് കൺകറന്റ് ഓഡിറ്റർ കെ.രാജൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു