സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങി. റമദാന്‍ 17ന് ഫലം പ്രസിദ്ധീകരിക്കും

Breaking Education India Keralam News

ചേളാരി: ഫെബ്രുവരി 16,17 തിയ്യതികളില്‍ വിദേശങ്ങളിലും 17,18,19 തിയ്യതികളില്‍ ഇന്ത്യയിലും നടന്ന സമസ്ത പൊതുപരീക്ഷയുടെ ഉത്തര പേപ്പര്‍ പരിശോധന ക്യാമ്പ് തുടങ്ങി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,762 മദ്‌റസകളിലെ രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷ എഴുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പത്ത് ലക്ഷം ഉത്തരപേപ്പറുകള്‍ 159 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ചാണ് പരിശോധിക്കുന്നത്. ഡിവിഷന്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേകം നിശ്ചയിച്ച ഇന്‍വിജിലേറ്റര്‍മാരാണ് ഉത്തരപേപ്പറുകള്‍ പരിശോധിക്കുന്നത്. 10,474 ഇന്‍വിജിലേറ്റര്‍മാരെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നേരത്തെ ഇതിനായി നിയമിച്ചിട്ടുണ്ട്. ഉത്തരപേപ്പര്‍ പരിശോധനക്ക് ശേഷം ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി,ശേഷം റമദാന്‍ 17ന് ഫലം പ്രസിദ്ധീകരിക്കും.