സി.ബി.ഐ. യുടെ അഞ്ചാം ഭാഗത്തിൽ ജഗതിയുമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ

Entertainment Keralam News

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച സി.ബി.ഐ സീരീസിലെ പുതിയ ഭാഗത്തിൽ ജഗതിയുമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. പുറത്തിറങ്ങിയ നാല് ചിത്രങ്ങളിലും വിക്രമെന്ന പേരിലുള്ള കഥാപാത്രം ഏറെ ജനപിന്തുണ നേടിയിരുന്നു. കഴിഞ്ഞ മാസം 29 ന് ചിത്രീകരണം ആരംഭിച്ച അഞ്ചാം സീരീസിൽ മമ്മൂട്ടിയും ജോയിൻ ചെയ്തിട്ടുണ്ട്.

വാഹനാപകടത്തിൽ പരിക്കേറ്റ ശേഷം ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് സിനിമയിൽ നിന്നും ഏറെ കാലമായി മാറിനിന്നിരുന്ന ജഗതി ഈയടുത്ത് ഒരു പരസ്യ ചിത്രത്തിലഭിനയിച്ച് മടങ്ങി വരവിന്റെ സൂചന നൽകിയിരുന്നു. സി.ബി.ഐ. സീരിസിലെ ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെടുകയും ഇത് അംഗീകരിച്ച സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും സിബിഐ’യുടെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാൻ തീരുമാനിച്ചുവെന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ.

സ്വര്‍ഗചിത്ര അപ്പച്ചൻ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, സായ്‍കുമാര്‍ തുടങ്ങിയവരുമുണ്ടാകും. ‘സിബിഐ’യുടെ ഐക്കോണിക് തീം മ്യൂസിക് ഇപ്രാവശ്യം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ‘സിബിഐ’ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.

ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയാണ് ഈ സീരിസിൽ മുന്നേ റിലീസായ നാല് പടങ്ങൾ.