കടയ്ക്കലില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ;അന്വേഷണം തുടങ്ങി

Crime Keralam News

കൊല്ലം: കടയ്ക്കലില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പരവൂര്‍ സ്വദേശിയും, ഹോട്ടല്‍ ജീവനക്കാരനുമായ വിഷ്ണുവാണ് കഴിഞ്ഞ ദിവസം രാത്രി കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണു മരിച്ചത്.

രണ്ടു ദിവസം മുൻപാണ് വിഷ്ണു ഹോട്ടലിൽ ജോലിക്ക് കയറിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രാത്രി വിഷ്ണുവിന്റെ അമ്മയെ വിളിച്ച്‌ മകന് അപകടം പറ്റിയെന്നും തൊട്ടു പിന്നാലെ മരണപ്പെട്ടതായും അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ ബന്ധുക്കൾ അപകടം നടന്നിടത്ത് എത്തിയപ്പോൾ കാലിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കാല്‍വഴുതി വീണപ്പോള്‍ ഉപേക്ഷിച്ച ടിവിയുടെ പിക്ച്ചര്‍ ട്യൂബ് കാലില്‍ കയറി മുറിവേറ്റെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഇതില്‍ ദുരൂഹതയുണ്ടെന്ന് വിഷ്ണുവിന്റെ ബന്ധുക്കൾ ആരോപിച്ചു. രണ്ടു കടയ്ക്കല്‍ സ്വദേശികളും ഒരു അതിഥി തൊഴിലാളിയുമാണ് വിഷ്ണുവിനൊപ്പം മുറിയിലുണ്ടായിരുന്നത്. കടയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.