തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേര്‍ അറസ്റ്റില്‍

Crime Local News

മലപ്പുറം: നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ചാലിയാര്‍ പുഴയുടെ കൈവഴിയായ ചെറുവത്തുംകുന്ന തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എടവണ്ണ പന്നിപ്പാറ സ്വദേശി പുത്തന്‍പള്ളിയാളി ഷരീഫ് (25), ടാങ്കര്‍ ലോറി ഡ്രൈവര്‍ മഞ്ചേരി രാമന്‍കുളം സ്വദേശി പൂളക്കുന്നന്‍ ഷാജഹാന്‍ (28) എന്നിവരെയാണ് സി ഐ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26 ന് പുലര്‍ച്ചെ 4.00 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറിയില്‍ എത്തിച്ച കക്കൂസ് മാലിന്യം പ്രദേശവാസികള്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന തോട്ടിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യുകയായിരുന്നു.
തൊട്ടടുത്ത മാനവേദന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് കുട്ടികള്‍ നടന്നു പോകുന്ന വഴി കൂടിയാണ് ഇത്. ദുര്‍ഗന്ധം കാരണം കുട്ടികള്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍ റഹ്മത്തുള്ളയുടെ പരാതിയില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രദേശത്തെ സി സി ടി വികള്‍ പരിശോധിച്ചും സമാന കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട വരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്. കാറില്‍ വന്ന് പരിസരം നിരീക്ഷിച്ചതിനു ശേഷം ആളുകളുടെ സാന്നിദ്ധ്യം ഇല്ലെങ്കില്‍ പുറകെ വരുന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് മാലിന്യം തട്ടുകയാണ് ചെയ്യുന്നത്. ടാങ്കര്‍ ലോറിക്കും കാറിനുമെതിരെ നിയമ നടപടി സ്വീകരിക്കും. പ്രതിക്ക് കഴിഞ്ഞ വര്‍ഷം മുക്കം പോലീസ് സ്റ്റേഷനിലും കേസ്സുണ്ട് . എസ് ഐ തോമസ് കുട്ടി ജോസഫ്, ഡാന്‍സാഫ് അംഗങ്ങളായ എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിന്‍ദാസ് . ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.