5 മയിൽ കുഞ്ഞുങ്ങളെ അടയിരുന്ന് വിരിയിച്ചെടുത്ത് കോഴിയമ്മ

Keralam News

കണ്ണൂര്‍ : കാടുവെട്ടുമ്പോൾ കിട്ടിയ അഞ്ച് മുട്ടകൾ 25 ദിവസം അടയിരുന്ന് വിരിയിച്ചെടുത്തത് അങ്കക്കാരന്‍ വിഭാഗത്തില്‍പ്പെട്ട ‘അസീല്‍’ ഇനം പിടക്കോഴി. ചട്ടുകപ്പാറയില്‍ വീടിനോട് ചേര്‍ന്ന പറമ്പിലെ കാട് വെട്ടുമ്പോഴാണ് വീട്ടുടമസ്ഥന് മയില്‍ മുട്ടകള്‍ കിട്ടിയത്. മലബാര്‍ അവയര്‍നെസ് റെസ്ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് (മാര്‍ക്) പ്രസിഡന്റ് റിയാസ് മാങ്ങാടിനെ വിവരം അറിയിച്ചു. ഇന്‍ക്യുബേറ്ററാണെങ്കിൽ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അങ്ങനെയാണ് കോഴിയെ കൊണ്ട് വിരിയിപ്പെച്ചെടുക്കാൻ തീരുമാനിച്ചത്.

പാപ്പിനിശേരിയിലെ കോഴിഫാം ഉടമ അലിയെ സഹായത്തിനായി സമീപിച്ചപ്പോഴാണ് അസീല്‍ ഇനത്തില്‍പ്പെട്ട അങ്കക്കാരന്‍ പോരുകോഴിയെ അടയിരിക്കാനായി നിര്‍ദേശിച്ചത്. നിറയെ തൂവലുള്ളതിനാലാണ് ഇവയെ തെരഞ്ഞെടുത്തതെന്നാണ് അലിയുടെ പക്ഷം

25 ദിവസം അടയിരുന്നാണ് മയില്‍ക്കുഞ്ഞുങ്ങളെ വിരിയിച്ചത്. മുട്ട വിരിഞ്ഞ് 15 ദിവസം കഴിഞ്ഞെങ്കിലും സ്വന്തമായി ഇരതേടാനായിട്ടില്ല. മയില്‍ക്കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയൊരുക്കി കോഴി മുഴുവന്‍ സമയവും കൂടെയുണ്ട്. സ്വയം പര്യാപ്തമാവുമ്പോൾ വനം വകുപ്പിന്റെ നിര്‍ദേശപ്രകാരം കാട്ടിലേക്ക് തന്നെ മയില്‍ക്കുഞ്ഞുങ്ങളെ വിടുമെന്ന് റിയാസ് പറഞ്ഞു.