കൊവാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് സ്വന്തം റിസ്‌കില്‍ കോവിഷീല്‍ഡ് എടുക്കാന്‍ അനുവാദം നല്‍കണമെന്ന ഹര്‍ജി നിരസിച്ച്‌ സുപ്രീം കോടതി

India News

ന്യൂഡൽഹി : കൊവാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് സ്വന്തം റിസ്‌കില്‍ കോവിഷീല്‍ഡ് എടുക്കാന്‍ അനുവാദം നല്‍കണമെന്ന ഹര്‍ജി നിരസിച്ച്‌ സുപ്രീം കോടതി. കൊവാക്‌സിന് ലോകാരോഗ്യ സംഘനയുടെ അനുമതി ഇല്ലാത്തതിനാൽ വിദേശ യാത്രയ്ക്ക് തടസ്സമാകുന്നെന്ന് ചൂണ്ടിക്കാട്ടി കാര്‍ത്തിക് സേത് എന്നയാളാണ് കോടതിയിൽ ഹർജി നൽകിയത്. സ്വന്തം താല്പര്യപ്രകാരം കൊവാക്‌സിന് പുറമേ കോവിഷീല്‍ഡും എടുക്കാന്‍ ആളുകൾക്ക് അനുമതി നൽകാൻ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

കൃത്യമായ നടപടികളിലൂടെ മാത്രമേ വാക്സിനേഷൻ സാധ്യമാവൂ എന്നും ആളുകളുടെ ജീവിതം വച്ച്‌ കളിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കൊവാക്‌സിന് ഡബ്യൂഎച്ച്‌ഒ അനുമതി നല്‍കുന്നത് വരെ കാത്തിരിക്കണമെന്നും അങ്ങനെയാണെങ്കിൽ മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജി അടുത്തമാസം വീണ്ടും പരിഗണിക്കും.