കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന ഗുണ്ടാത്തലവൻ സീസിംഗ് ജോസ് പോലീസ് വലയിൽ

Crime India News

സുൽത്താൻ ബത്തേരി: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന ഗുണ്ടാത്തലവൻ സീസിംഗ് ജോസ് കുടുക്കിയത് ആന്ധ്ര പൊലീസിന്റെ സഹായത്തോടെ. മാസങ്ങൾക്ക് മുമ്പ് സുൽത്താൻ ബത്തേരി വട്ടത്തിമൂല കോളനിയിലെ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിലെ ഒളിവിലായിരുന്ന പ്രധാന പ്രതിയെയാണ് പൊലീസ് പിടികൂടിയത്. ബത്തേരി ദൊട്ടപ്പൻകുളം സ്വദേശി പുൽപ്പാറയിൽ പി യു ജോസ് എന്ന സീസിങ് ജോസ് (51) ആണ് അറസ്റ്റിലായത്.

ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മലപ്പുറം തിരൂർ അയ്യായ സ്വദേശി മുണ്ടക്കര സദക്കത്തുള്ള എന്ന ഷൗക്കത്ത്(44), തമിഴ്നാട് ബുധർനഗർ കാർത്തിക് മോഹൻ(32) എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആന്ധ്രയിലെ കക്കിനട എന്ന സ്ഥലത്തുവെച്ചാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. ഇവർ ഉപയോഗിച്ചിരുന്ന വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ബത്തേരി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ആന്ധ്ര പൊലിസിന്റെ സഹായത്തോടെയാണ് മൂന്ന് പേരെയും പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ആന്ധ്രാ പ്രദേശിലേക്ക് തിരിക്കുകയായിരുന്നു. ഇവിടെ കക്കിനടയിലെ ഒരു ലോഡ്ജിലായിരുന്നു മൂവരും ഉണ്ടായിരുന്നത്. ബത്തേരി എസ് ഐ ജെ ഷജീമിന്റെ നേതൃത്വത്തിൽ എഎസ്ഐ കെ വി. അനീഷ്, സിപിഒമാരായ എം എ അനസ്, ആഷ്ലിൻ, സന്തോഷ്, ഹോംഗാർഡ് വിനീഷ് എന്നിവരാണ് പ്രതികളെ തേടിപോയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിനാണ് സുൽത്താൻ ബത്തേരി വട്ടത്തിമൂല കോളനിയിലെ കെ കൃഷ്ണൻകുട്ടിയുടെ വീട്ടിൽ നിന്നും നൂറ്റിരണ്ടര കിലോ കഞ്ചാവ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി പൊലീസും ജില്ലാ നാർകോട്ടിക് ഡിവൈഎസ്പിയും സംഘവും സംയുക്തമായായിരുന്നു പരിശോധന നടത്തിയത്. അന്നുതന്നെ വീട്ടുടമയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കഞ്ചാവ് സൂക്ഷിക്കാനായി എത്തിച്ചുനൽകിയ പി യു ജോസിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. കഞ്ചാവ് ഇവിടേക്ക് എത്തിക്കാൻ സഹായം ചെയ്ത മനോജ് അപ്പാട് എന്നയാളെയും കഴിഞ്ഞമാസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിയായ ജോസ് പൊലിസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.

ഇയാളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പലപ്പോഴും തമിഴ്നാട്, കർണാടക എന്നിങ്ങനെയായിരുന്നു ലഭിച്ച വിവരം. ഒടുവിലാണ് ആന്ധ്രയിലുണ്ടന്ന വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടി അഞ്ച് മാസങ്ങൾക്ക് ശേഷം പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ സീസിങ് ജോസ് വയനാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണന്നും ജില്ലയിലേക്ക് സിന്തറ്റിക് ഡ്രഗ്സ് എത്തുന്നതിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ജില്ലാ പൊലിസ് മേധാവി അർവിന്ദ് സുകുമാർ പറഞ്ഞു. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്ന പുൽപ്പാറ ജോസ് അടവു തെറ്റുന്ന വണ്ടികൾ പിടിച്ചെടുക്കുന്ന ക്വട്ടേഷനുകൾ ഏറ്റെടുത്തതോടെയാണ് സീസിംഗ് ജോസെന്ന പേര് വീണത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.