മലപ്പുറത്ത് കിണറ്റിൽ വീണ് 30 കാരൻ മരിച്ചു

Local News

മക്കരപ്പറമ്പ് : നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനുമുകളിൽ നിന്ന് കിണറ്റിലേക്ക് വീണ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പോത്തു കുണ്ടിലെ വേങ്ങശ്ശേരി കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ ജോലിക്കെത്തിയ നിർമ്മാണത്തൊഴിലാളിയായ ആസ്സാം സ്വദേശി ജുഗൽ (30) (ലഭ്യമായ പേര് ) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.

രണ്ടാം നിലയുടെ പുറം ഭാഗത്തു നിലയിട്ട് സിമന്റ് പൂശുന്നതിനിടെ കാൽ തെന്നി വീഴുകയായിരുന്നു. വീഴുന്നതിനിടെ വീടിന്റെ സൺഷെഡിൽ തലയിടിച്ച് 80 അടിയോളം താഴ്ചയും 8 അടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. സഹ തൊഴിലാളികളും അയൽവാസികളും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കിണറ്റിൽ ഓക്സിജൻ ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഉടൻ മലപ്പുറം അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ മലപ്പുറം അഗ്നിരക്ഷാസേനയെത്തി.

കിണറ്റിൽ ഓക്സിജൻ ലഭ്യമല്ലാത്തതിനാൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി. ജാബിർ,പി. മുഹമ്മദ്‌ ഷിബിൻ എന്നിവർ ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ് ധരിച്ച് ഇറങ്ങി ആണ് ചെയർ നോട്ടിന്റെ സഹായത്തോടെ ആളെ കിണറ്റിന് പുറത്തെത്തിച്ചത്. ഉടൻ തന്നെ സി. പി. ആർ നൽകി മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ആൾ മരണപ്പെട്ടു. സീനിയർ ഫയർ ഓഫീസർ കെ. പ്രതീഷ്, സേനാംഗങ്ങളായ കെ. പി.ഷാജു, എ. ലിജു, എം. തസ്‌ലീം, മനോജ്‌ മുണ്ടക്കാട്ട്, എൽ. ഗോപാലകൃഷ്ണൻ,കെ. നവീൻ, ഹോം ഗാർഡുമാരായ കെ. കെ. ബാലചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ടി. കൃഷ്ണകുമാർ സിവിൽ ഡിഫൻസ് വളണ്ടിയർമാരായ മുഹമ്മദ്‌ അമ്പലക്കുത്ത്, ഷിജു കോലേരി എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.