സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് മകളെ പീഡിപ്പിക്കുന്നതിലുള്ളവിഷമം മൂലം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം ;മകളുടെ ഭർത്താവ് അറസ്റ്റിൽ

Crime Keralam News

മലപ്പുറം : സ്ത്രീധന പീഡനത്തിന്റെ പേരില്‍ ഭാര്യാ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റിലായി. മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടി ആത്മഹത്യ ചെയ്ത കേസിലാണ് മകളുടെ ഭര്‍ത്താവായ അബ്ദുല്‍ ഹമീദ് അറസ്റ്റിലായത്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അബ്ദുല്‍ ഹമീദിനെ പോലീസ് പിടികൂടിയത്. അബ്ദുൽ ഹമീദിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു പരാതി.

മൂസക്കുട്ടിയുടെ മകള്‍ ഹിബ നല്‍കിയ സ്ത്രീധന പീഡന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാന്‍ കാരണം മകളുടെ ഭര്‍ത്താവാണെന്ന് വ്യക്തമാക്കുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയ ശേഷമാണ് മൂസക്കുട്ടി അടുത്തുള്ള റബ്ബർ തോട്ടത്തിൽ ആത്മഹത്യ ചെയ്തത്.

2020 ജനുവരി 12നാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്‍ദുള്‍ ഹമീദും വിവാഹിതരായത്. അന്നുമുതല്‍ സ്ത്രീധനം കുറവാണെന്ന പേരിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ഹിബ പറയുന്നത്. വിവാഹ സമയത്ത് നൽകിയ 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോൾ ആറ് പവന്‍ വീണ്ടും മൂസക്കുട്ടി നല്‍കിയെങ്കിലും അതും പോരെന്നും പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൂടി കൊടുത്താലേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്ന് പറഞ്ഞ് അബ്‍ദുള്‍ ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് മൂസക്കുട്ടി ജീവനൊടുക്കിയത്.