എസ്.പി ജി. പൂങ്കുഴലി കൊടുത്ത റിപ്പോര്‍ട്ട് കള്ള റിപ്പോര്‍ട്ട്; കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്: ഒളിമ്പ്യന്‍ മയൂഖ ജോണി

News

ആളൂര്‍ പീഡനക്കേസില്‍ പോലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി രംഗത്ത്. എസ്.പി ജി. പൂങ്കുഴലി കേസില്‍ കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം. ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നാണ് എസ്.പി നല്‍കിയ റിപ്പോര്‍ട്ട്. തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന ഗുരുതര ആരോപണവും മയൂഖ ജോണി ഉന്നയിച്ചു.

എസ്.പി ജി. പൂങ്കുഴലി കൊടുത്ത റിപ്പോര്‍ട്ട് കള്ള റിപ്പോര്‍ട്ട് തന്നെയാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും മയൂഖ ജോണി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ വൈദ്യപരിശോധനക്ക് കൊണ്ടു വന്ന ആശുപത്രിയിലും പ്രതിയെത്തി ഭീഷണിപ്പെടുത്തിയെന്ന് മയൂഖ പറയുന്നു. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്തു കൊണ്ട് പോലീസ് പരിശോധിച്ചില്ലെന്ന് മയൂഖ ജോണി ചോദിക്കുന്നു. നിലവിലെ ക്രൈബ്രാംഞ്ച് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും മയൂഖ ജോണി കൂട്ടിച്ചേര്‍ത്തു.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2016ലാണ്. പക്ഷേ അന്ന് പരാതിപ്പെട്ടിരുന്നില്ല. വീട്ടില്‍ കയറി വന്ന ശേഷം മകളുടെ പ്രായം മാത്രമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. ഈ സമയത്ത് പെണ്‍കുട്ടി വിവാഹിതയായിരുന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍ വിവാഹശേഷവും ഭീഷണി തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് മയൂഖ ജോണി പറയുന്നു.