കോവിഡ് സാമ്പത്തിക പ്രതിസന്ധി; രണ്ട്​ ഓ​ട്ടോ ഡ്രൈവര്‍മാര്‍ ​തൂങ്ങിമരിച്ചു

Crime Local News

കോഴിക്കോട്: കോവിഡ്​ കാരണമുണ്ടായ സാമ്പത്തിക ​ബുദ്ധിമുട്ടുകൾ മൂലം​ കോഴിക്കോട്​ ജില്ലയിലെ രണ്ട്​ ഓ​ട്ടോ ഡ്രൈവര്‍മാര്‍ ജീവനൊടുക്കി. വടകരയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന നടക്കുതാഴ സ്വദേശി പാറേമ്മല്‍ ഹരീഷ് ബാബുവിനെ വടകര മാക്കൂല്‍ പീടികയില്‍ താമസസ്ഥലത്തും, അത്തോളി കൂമുള്ളി കോതങ്കലില്‍ കോതങ്കല്‍ പിലാച്ചേരി മനോജിനെ വീടിനടുത്തുള്ള ചായ്‌പിലുമാണ്​ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അവിവാഹിതനായ ഹരീഷിന് ആകെ ‘അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ‘അമ്മ കൂടെ മരിച്ചതോടെ വര്ഷങ്ങളായി പല വീടുകളിൽ വാടകയ്ക്ക് കഴിയുകയായിരുന്നു. ഇപ്പോൾ താമസിച്ച്‌ കൊണ്ടിരുന്ന ക്വാര്‍ട്ടേഴ്സിലാണ് തൂങ്ങി മരിച്ചത്. കോവിഡ് ആരംഭിച്ചതോടെ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിരുന്നു. താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് വാടക നല്കാൻ പോലും ഇല്ലാതെ ഒഴിയാനുള്ള തീരുമാനത്തിലായിരുന്നുവെന്ന് അടുത്ത വീട്ടുകാർ പറയുന്നുണ്ട്.

വടകര പൊലീസ് ഇന്‍ക്വസ്​റ്റ്​ നടത്തിയ മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിന് വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോവിഡ് പരിശോധന ഫലം കിട്ടിയാൽ എല്ലാ​ നടപടികളും പൂര്‍ത്തീകരിച്ച്‌ പോസ്​റ്റ്​മോര്‍ട്ടം നടത്തും.

മുൻപ് ബസ് ഡ്രൈവറായിരുന്ന മനോജ് കോവ്ഡ് വന്നതിനുശേഷം ഓട്ടോ ഡ്രൈവറായി പണിയെടുക്കുകയായിരുന്നു.ഇതിനിടയ്ക്ക് ഡെങ്കിപ്പനിയും കോവിടും ബാധിച്ചിരുന്നു. രോഗവും കോവിഡ് നിയന്ത്രണങ്ങളും കാരണം മാസങ്ങളായി ഓട്ടോ ഓടിച്ച് വരുമാനം ഇല്ലാത്തതിനെ തുടർന്ന് വായ്പയെടുത്തുവാങ്ങിയ ഓട്ടോയുടെ അടവ് അടയ്ക്കാൻ കഴിയാത്ത സ്ഥിതിയായി. സാമ്പത്തിക ബുദ്ധിമുട്ടും രോഗത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ഇപ്പോഴത്തെ അനുമാനം. വ്യാഴാഴ്ച പുലര്‍ച്ചെയാണ്​ മനോജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അത്തോളി പൊലീസ് ഇന്‍ക്വസ്​റ്റ്​ നടത്തി. ഭാര്യ ഷിബിത. മക്കള്‍: കൃഷ്ണപ്രിയ, ഹരിഗോവിന്ദ്, മരുമകന്‍: വിജേഷ്. മെഡിക്കല്‍ കോളജില്‍ പോസ്​റ്റ്​ മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്​കരിച്ചു.